India - 2024

മാര്‍ ഏബ്രഹാം മറ്റത്തിന്റെ വിയോഗത്തില്‍ അനുശോചന പ്രവാഹം

സ്വന്തം ലേഖകന്‍ 17-04-2019 - Wednesday

കൊച്ചി: ഇന്നലെ അന്തരിച്ച ബിഷപ്പ് മാര്‍ ഏബ്രഹാം ഡി. മറ്റത്തിന്റെ വിയോഗത്തില്‍ അനുശോചന പ്രവാഹം. സഭാ പ്രവര്‍ത്തകര്‍ക്കും ആത്മീയ ഗുരുക്കന്മാര്‍ക്കും അല്മായ പ്രേഷിതര്‍ക്കും ഉത്തമ മാതൃകയും മാര്‍ഗദര്‍ശിയുമായിരുന്നു ബിഷപ്പ് മാര്‍ ഏബ്രഹാം ഡി. മറ്റമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സഭാചരിത്രത്തിലും സഭയുടെ ആരാധനക്രമ ദൈവശാസ്ത്രത്തിലും അദ്ദേഹത്തിന് അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. മാര്‍ത്തോമ്മ ക്രിസ്ത്യാനികളുടെ ആദ്യ കാലചരിത്രത്തില്‍ ഗവേഷണം നടത്തിയിരുന്ന പിതാവ് പുതിയ കണ്ടെത്തലുകള്‍ സഭയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്.

സീറോമലബാര്‍ സഭയ്ക്കും വിന്‍സെന്‍ഷ്യന്‍ സമര്‍പ്പിത സമൂഹത്തിനും വിശിഷ്യാ സത്‌ന രൂപതയ്ക്കും അഭിവന്ദ്യ മറ്റം പിതാവു നല്‍കിയ സംഭാവനകള്‍ എക്കാലവും സഭാ മക്കള്‍ അനുസ്മരിക്കും. സത്‌ന രൂപതയോട് പ്രത്യേകമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

തീക്ഷ്ണയുള്ള മിഷ്ണറിയായിരുന്നു കാലം ചെയ്ത ബിഷപ്പ് മാര്‍ ഏബ്രഹാം ഡി. മറ്റമെന്നു സത്‌ന രൂപത ബിഷപ്പ് മാര്‍ ജോസഫ് കൊടകല്ലില്‍ അനുശോചന സന്ദേശത്തില്‍ കുറിച്ചു. അദ്ദേഹത്തിന്റെ അക്ഷീണ പ്രയത്‌നവും അചഞ്ചലമായ പ്രേഷിതചൈതന്യവുമാണു സത്‌ന രൂപതയ്ക്ക് അടിത്തറ പാകിയത്. ലളിത ജീവിതശൈലിയും മിഷന്‍ മേഖലകളിലെ ജീവിതസാഹചര്യങ്ങളോട് അനുരൂപപ്പെടാനുള്ള മനസും അദ്ദേഹത്തെ നല്ല മിഷ്ണറിയാക്കി. മിഷന്‍ പ്രവര്‍ത്തനങ്ങളോടൊപ്പം സഭയുടെ പൊതുവായ നന്മയ്ക്കും വളര്‍ച്ചയ്ക്കും ഏറെ സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനായെന്നും മാര്‍ കൊടകല്ലില്‍ അനുസ്മരിച്ചു.

മാര്‍ ഏബ്രഹാം ഡി. മറ്റത്തിന്റെ നിര്യാണത്തില്‍ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം അനുശോചനം അറിയിച്ചു. സീറോമലബാര്‍ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും അദ്ദേഹം നിര്ണാഫയകമായ പങ്ക് വഹിച്ചെന്നു മാര്‍ പെരുന്തോട്ടം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സത്നയില്‍ മിഷന്‍ സെമിനാരി സ്ഥാപിച്ചത് അദ്ദേഹത്തിന്റെ ദീര്ഘവീക്ഷണത്തിന്റെ ഫലമാണെന്നും മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.


Related Articles »