India - 2024

നിസ്കാരത്തിന് കോളേജ് മുറി തുറന്നുകൊടുക്കുവാന്‍ കഴിയില്ലായെന്ന് നിര്‍മ്മല കോളേജ്; തെറ്റ് സംഭവിച്ചെന്ന് മഹല്ല് കമ്മറ്റി

പ്രവാചകശബ്ദം 29-07-2024 - Monday

മൂവാറ്റുപുഴ: കോതമംഗലം രൂപതയുടെ കീഴിലുള്ള മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നിസ്ക്കാര മുറി ആവശ്യമുന്നയിച്ച വിവാദത്തില്‍ പ്രതികരണവുമായി കോളേജും മഹല്ല് കമ്മറ്റിയും. നിസ്കാരത്തിന് കോളേജ് മുറി തുറന്നുകൊടുക്കുവാന്‍ കഴിയില്ലായെന്നും അസ്വസ്ഥത സൃഷ്ടിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിയമ നടപടിയുണ്ടാകില്ലെന്ന് നിര്‍മ്മല കോളേജ് വ്യക്തമാക്കി. നിര്‍മ്മല കോളേജില്‍ നിസ്കാര മുറി അനുവദിക്കണമെന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പ്രിന്‍സിപ്പാല്‍ ഫാ. ജസ്റ്റിൻ കുര്യാക്കോസ് പറഞ്ഞു.

തെറ്റായ പ്രചരണങ്ങളിലൂടെ മതസ്പർധ ഉണ്ടാക്കുന്ന നടപടികൾ ഒഴിവാക്കണം. 72 വർഷത്തെ ചരിത്രത്തിൽ ക്യാമ്പസിൽ ഇത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ല. ഇത്രയും കാലം പുലർത്തിപ്പോന്ന നിലപാടു തന്നെ കോളേജ് തുടരും. കുട്ടികൾക്കെതിരായ അച്ചടക്ക നടപടികൾ ആലോചിക്കാനുള്ള സമയമല്ല ഇത്. കുട്ടികൾ നിർമലയിലെ കുട്ടികളാണ്. അവരെ തെറ്റുകൾ പറഞ്ഞ് മനസിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ മൂവാറ്റുപുഴയിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ കോളജ് മാനേജ്‌മെന്റ്മായി ചര്‍ച്ച നടത്തിയാണ് ഖേദപ്രകടനം നടത്തി. കോളേജില്‍ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പി.എസ്.എ ലത്തീഫ്. പ്രാര്‍ത്ഥനയ്ക്കും ആചാരങ്ങള്‍ക്കും നിര്‍ദ്ദിഷ്ട രീതികള്‍ ഇസ്‌ലാം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് തെറ്റായ ചെറിയ ലാഞ്ഛനയെങ്കിലും ഉണ്ടായാല്‍ അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.


Related Articles »