India - 2025
ജിജിഎം മിഷന്‍ കോണ്‍ഗ്രസിനു ആരംഭം
03-05-2019 - Friday
കൊച്ചി: കത്തോലിക്കാസഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ അറിയുക, സ്‌നേഹിക്കുക, വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കെസിബിസിയുടെയും ഫിയാത്ത് മിഷന്റെയും ആഭിമുഖ്യത്തില്‍ മൂന്നാമതു ജിജിഎം മിഷന്‍ കോണ്‍ഗ്രസിനു തുടക്കം. കൊച്ചി നെടുമ്പാശേരിയിലെ സിയാല്‍ ഗോള്‍ഫ് കോഴ്‌സ് എക്‌സിബിഷന്‍ സെന്ററില്‍ ഒന്നിന് ആരംഭിച്ച മിഷന്‍ കോണ്‍ഗ്രസ് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്തു.
മിഷന്‍ കോണ്‍ഗ്രസ് വൈസ് ചെയര്‍മാനും ഗുഡ്ഗാവ് ബിഷപ്പുമായ ജേക്കബ് മാര്‍ ബര്‍ണബാസ് പ്രാരംഭ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ. ഡൊമിനിക് തെസോങ് ല്യൂമന്‍, ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ബിഷപ്പ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍, ബിഷപ്പ് ഡോ. വര്‍ഗീസ് തോട്ടങ്കര, ബിഷപ്പ് ഡോ. ജയിംസ് തോപ്പില്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
പരിശുദ്ധാത്മാവ് മിഷന്‍ പ്രവര്‍ത്തനത്തിന്റെ പ്രധാന വക്താവ്, മിഷന്‍ അവബോധം കേരളസഭയില്‍ എന്നീ വിഷയങ്ങളില്‍ സിംപോസിയങ്ങള്‍ നടന്നു. ഏറ്റവും വലിയ കൈയെഴുത്തു മത്സരങ്ങളിലൊന്നായ സ്‌ക്രിപ്തുറ ബൈബിള്‍ കൈയെഴുത്തു മത്സരത്തിന്റെ സമ്മാനദാനം മിഷന്‍ കോണ്‍ഗ്രസില്‍ നടന്നു. സെമിനാരി വിദ്യാര്‍ഥികള്‍ക്കും സന്യാസാര്‍ഥിനികള്‍ക്കും കൈയെഴുത്തു മത്സരം ഉണ്ടായിരുന്നു. പുതുതലമുറയ്ക്കു മിഷന്‍ അവബോധം പകര്‍ന്നു നല്‍കി ഇന്നലെ നടന്ന യുവജന സംഗമത്തില്‍ നൂറുകണക്കിനു യുവാക്കള്‍ പങ്കെടുത്തു.
