News - 2025
ക്രൈസ്തവര്‍ വംശനാശത്തിനരികെ: ബ്രിട്ടീഷ് കമ്മീഷന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
സ്വന്തം ലേഖകന്‍ 04-05-2019 - Saturday
ലണ്ടന്‍: ലോകമെങ്ങുമായി നടക്കുന്ന ക്രൈസ്തവ പീഡനം ക്രിസ്ത്യാനികളെ വംശനാശത്തിന്റെ പടിക്കലെത്തിച്ചിരിക്കുകയാണെന്ന്‍ പഠനഫലം. ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് കമ്മീഷന്‍ ചെയ്ത ട്രൂറോയിലെ ആംഗ്ലിക്കന്‍ മെത്രാനായ ഫിലിപ്പ് മൗസ്റ്റെഫെന്‍ നടത്തിയ പഠനമാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടു വന്നിരിക്കുന്നത്. വികലമായ രാഷ്ട്രീയ നയങ്ങളാണ് ക്രിസ്ത്യാനികള്‍ക്കുണ്ടായ ദുരവസ്ഥയുടെ കാരണമായി ജെറമി ഹണ്ട് ചൂണ്ടിക്കാട്ടുന്നത്.
ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനത്തില്‍ അതത് രാജ്യങ്ങള്‍ മൗനം പാലിക്കുന്നതിനെ ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. “ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ വേട്ടയാടപ്പെട്ടപ്പോള്‍ നമ്മള്‍ ഉറങ്ങുകയായിരുന്നു. ട്രൂറോയിലെ മെത്രാന്റെ ഈ റിപ്പോര്‍ട്ട് മാത്രമല്ല, ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ സംഭവിച്ചത് നമ്മളെ ഉണര്‍ത്തുകയും, ഞെട്ടിപ്പിക്കുകയും ചെയ്തിരിക്കുന്നു” ഹണ്ട് പറഞ്ഞു. ഇക്കാര്യം തുറന്നുപറയുവാനുള്ള ധൈര്യം രാഷ്ട്രീയക്കാര്‍ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റേത് മതവിഭാഗങ്ങളേക്കാളുമധികം ക്രിസ്ത്യാനികളാണ് ആഗോളതലത്തില്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2013-ല്‍ 15 ലക്ഷമായിരുന്ന പലസ്തീനിലെ ക്രിസ്ത്യാനികളുടെ എണ്ണം ഇപ്പോള്‍ വെറും 1,20,000-ത്തില്‍ താഴെയാണ്. ക്രൈസ്തവ വിശ്വാസത്തിനെതിരായ പീഡനം അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന്‍ തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നതായി ബിഷപ്പ് മൗസ്റ്റെഫെന്‍ പറഞ്ഞു. മധ്യപൂര്‍വ്വേഷ്യയില്‍ 20 ശതമാനമായിരുന്ന ക്രിസ്ത്യന്‍ ജനസംഖ്യ ഇപ്പോള്‍ വെറും 5 ശതമാനമായി ചുരുങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫിലിപ്പ് മൗസ്റ്റെഫെന്‍റെ ഇടക്കാല റിപ്പോര്‍ട്ട് ആഗോള തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
