News - 2025

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; ഗാസ ഇടവക വികാരിയുമായി ഫോണില്‍ സംസാരിച്ചു

പ്രവാചകശബ്ദം 25-02-2025 - Tuesday

വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് പാപ്പ ഗാസയിലെ ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്ന് വത്തിക്കാന്‍. യുദ്ധം ആരംഭിച്ചത് മുതല്‍ ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ഇടവകയിലേക്ക് അനുദിനം ഫ്രാന്‍സിസ് പാപ്പ ഫോണ്‍ ചെയ്യാറുണ്ടായിരിന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോഴാണ് ഇതിന് മുടക്കം വന്നത്. എന്നാല്‍ ഇന്നലെ തിങ്കളാഴ്ച പാപ്പ നന്നായി വിശ്രമിച്ചുവെന്നും വൈകുന്നേരം പാപ്പ ഗാസയിലെ വികാരിയുമായി ഫോണിൽ സംസാരിച്ച് തൻറെ പിതൃസാമീപ്യം അറിയിക്കുകയും ചെയ്തതായി വത്തിക്കാന്‍ അറിയിച്ചു.

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ആസ്മ രൂപത്തിലുള്ള ശ്വസന തടസ്സമൊന്നും തിങ്കളാഴ്ചയും പാപ്പായ്ക്ക് അനുഭവപ്പെട്ടില്ലെന്നും ചില പരിശോധനാഫലങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും വൃക്കയുടെ പ്രവർത്തനക്ഷമതയിലുണ്ടായിട്ടുള്ള നേരിയ കുറവ് ആശങ്കാജനകമല്ലെന്നും ഓക്സിജൻ നല്കുന്നത് തുടരുന്നുണ്ടെങ്കിലും അളവിൽ നേരിയ കുറവുവരുത്തിയിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ പാപ്പ വിശുദ്ധ കുർബാന സ്വീകരിക്കുകയും ഉച്ചകഴിഞ്ഞ് ഔദ്യോഗികകൃത്യങ്ങളിലേക്കു കടക്കുകയും ചെയ്തുവെന്നും തന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാൻ ഈ ദിവസങ്ങളിൽ ഒത്തുകൂടിയ എല്ലാ ദൈവജനങ്ങൾക്കും നന്ദി അര്‍പ്പിച്ചുവെന്നും വത്തിക്കാന്‍ പത്രക്കുറിപ്പിൽ അറിയിച്ചു.

അതേസമയം ഫ്രാൻസിസ് മാർപാപ്പയെ പ്രത്യേകം സമർപ്പിച്ച് ഇന്നലെ രാത്രി വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സസ് ചത്വരത്തിൽ ജപമാല പ്രാര്‍ത്ഥന നടന്നു. വത്തിക്കാൻ സമയം രാത്രി ഒമ്പതിന് (ഇന്ത്യൻ സമയം പുലർച്ചെ 1.30) സെൻ്റ് പീറ്റേഴ്സസ് ചത്വരത്തിൽ നടന്ന ജപമാല പ്രാർത്ഥനയിൽ റോമിലെ കർദ്ദിനാൾമാരും റോമൻ കുരിയയിൽ സേവനമനുഷ്ഠിക്കുന്നവരും നിരവധി വിശ്വാസികളും പങ്കെടുത്തു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ജപമാല നയിച്ചു. ഇനി എല്ലാ ദിവസവും രാത്രിയിൽ വത്തിക്കാൻ ചത്വരത്തിൽ ജപമാല സമർപ്പണം ഉണ്ടായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഈ ദിവസങ്ങളിൽ മാർപാപ്പയുടെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥന തുടരുകയാണ്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »