News - 2025
"എനിക്കുവേണ്ടി പ്രാർത്ഥിക്കുക"; അര്‍ജന്റീനയില്‍ ഫ്രാന്‍സിസ് പാപ്പയുടെ പേരില്‍ എക്സിബിഷന്‍
പ്രവാചകശബ്ദം 25-02-2025 - Tuesday
ബ്യൂണസ് അയേഴ്സ്: ഫ്രാൻസിസ് മാർപാപ്പ റോമില്‍ ആശുപത്രിയില്‍ തുടരുന്നതിനിടെ പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മാതൃരാജ്യമായ അര്‍ജന്റീനയില്‍ കലാപ്രദര്‍ശനം. "എനിക്കുവേണ്ടി പ്രാർത്ഥിക്കുക" എന്ന പേരിലാണ് അർജൻ്റീനിയന്‍ നഗരമായ ലാ പ്ലാറ്റയില്‍ കലാപ്രദർശനം ആരംഭിച്ചിരിക്കുന്നത്. ഫ്രാൻസിസ് പാപ്പ ആരോഗ്യം വീണ്ടെടുക്കുന്നതിനും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനുമായി ആളുകളെ പ്രാർത്ഥിക്കാന്‍ ക്ഷണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാപ്പയുടെ വ്യത്യസ്തയുള്ള ചിത്രങ്ങളുമായി പ്രദര്‍ശനം നടക്കുക.
ലാ പ്ലാറ്റ കത്തീഡ്രൽ ഫൗണ്ടേഷനാണ് ആർട്ട് എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നത്. അർജൻ്റീനിയൻ കലാകാരനായ മെഴ്‌സിഡസ് ഫാരിനയുടെ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഇടം നേടിയിട്ടുണ്ട്. ഒന്‍പത് വലിയ പെയിൻ്റിംഗുകള്‍ പ്രദര്‍ശനത്തിന്റെ ഭാഗമാണ്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ കത്തോലിക്കാ ദേവാലയങ്ങളിലൊന്നായ ലാ പ്ലാറ്റ കത്തീഡ്രലിന് താഴെയുള്ള സഭാ മ്യൂസിയത്തിൻ്റെ പ്രധാന ഹാളിലാണ് പ്രദർശനം.
ഫ്രാൻസിസ് മാർപാപ്പ പത്രോസിന്റെ സിംഹാസനത്തില്‍ അധികാരമേറ്റപ്പോൾ മെഴ്‌സിഡസ് ഫാരിനയുടെ ചിത്രങ്ങള്‍ ജനശ്രദ്ധ നേടിയിരിന്നു. ജനങ്ങളെ വിശ്വാസത്തിലേക്ക് നയിക്കുന്നതിൽ കലാകാരന്‍ നടത്തിയ ഇടപെടലുകള്‍ മാനിച്ച് പൊന്തിഫിക്കൽ കൗൺസിൽ ഫോർ കൾച്ചർ അദ്ദേഹത്തെ ആദരിച്ചിരിന്നു. പ്രദര്‍ശനം കാണാന്‍ ധാരാളം പേര്‍ എത്തുമ്പോള്‍ അവരെ ആശുപത്രിയില്‍ കഴിയുന്ന പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യമാണ് ഫാരിന പങ്കുവെയ്ക്കുന്നത്.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
