News - 2024

യഹൂദ ക്രിസ്ത്യന്‍ വിരുദ്ധ നിലപാടിന് പ്രോത്സാഹനം: ഫേസ്ബുക്കിന്റെ നിഷ്പക്ഷത സംശയത്തില്‍

സ്വന്തം ലേഖകന്‍ 06-05-2019 - Monday

ലണ്ടന്‍: അക്രമവും തീവ്രവാദവും പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ അനുവദിക്കില്ലെന്നു പറയുമ്പോഴും ക്രൈസ്തവ വിരുദ്ധ മതതീവ്രവാദികളുടെ തട്ടകമായി മാറിയിരിക്കുകയാണ് സമൂഹ മാധ്യമ ഭീമനായ ഫേസ്ബുക്ക്. അടുത്തകാലത്ത് ഫേസ്ബുക്ക് കൈകൊണ്ട ചില നടപടികള്‍ ഫേസ്ബുക്കിന്റെ ഇരട്ടത്താപ്പ് നയം വെളിച്ചത്ത് കൊണ്ടുവരുന്നതാണെന്ന്‍ പ്രശസ്ത മാധ്യമമായ ഡെയിലി മെയിലിന്റെ അസോസിയേറ്റ് ഗ്ലോബല്‍ എഡിറ്റര്‍ ജെക്ക് വല്ലിസ് എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. മതപരമായ കാര്യങ്ങളില്‍ ഫേസ്ബുക്ക് അവകാശപ്പെടുന്ന നിഷ്പക്ഷത ഇതോടെ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.

കമ്പനിയുടെ നയങ്ങള്‍ക്ക് ചേരുന്നതല്ല എന്ന കാരണം ആരോപിച്ച് അലെക്സ് ജോണ്‍സ്, മിലോ യ്യാനോപൊളോസ്, നേഷന്‍ ഓഫ് ഇസ്ലാം നേതാവ് ലൂയീസ് ഫാറാഖാന്‍, വൈറ്റ് നാഷണലിസ്റ്റ്‌ പോള്‍ നെഹ്ലെന്‍ എന്നിവരുടെ പ്രൊഫൈലുകള്‍ ഫേസ്ബുക്ക് റദ്ദാക്കിയതും എന്നാല്‍ പാക്കിസ്ഥാനി മുസ്ലീം പുരോഹിതനായ ഖാദിം ഹുസ്സൈന്‍ റിസ്വിയുടെ ക്രിസ്ത്യന്‍ വിരുദ്ധ പോസ്റ്റുകള്‍ അനുവദിക്കുകയും ചെയ്തതാണ് ഫേസ്ബുക്കിന്റെ പക്ഷപാതത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങള്‍.

തെഹ്രീക്-ഇ-ലബ്ബായിക് എന്ന തീവ്രവാദി സംഘടനയുടെ ആത്മീയ നേതാവായ ഖാദിം ഹുസ്സൈന്‍ റിസ്വിയുടെ ക്രിസ്ത്യന്‍ വിരുദ്ധ പ്രബോധനങ്ങള്‍ ഫേസ്ബുക്ക് വഴി ഓരോ ദിവസവും ആയിരകണക്കിന് ആളുകളിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നതെന്ന്‍ ജെക്ക് വല്ലിസ് ചൂണ്ടിക്കാട്ടുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ആസിയാ ബീബിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയ നടപടിക്കെതിരെ ആളുകളെ തെരുവിലിറക്കി ആക്രമണം അഴിച്ചുവിട്ടത് ഹുസ്സൈന്‍ റിസ്വിയായിരിന്നു.

ഫെയിത്ത് മാറ്റേഴ്സിന്റെ ഡയറക്ടറായ ഫിയാസ് മുഗള്‍ ഇത് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ക്രിസ്ത്യന്‍ വിരുദ്ധതകൊണ്ട് മലീമസമായ ഒരു അഴുക്ക് ചാലായി ഫേസ്ബുക്ക് മാറിയിരിക്കുക ആണെന്നാണ് വില്‍ബര്‍ഫോഴ്സ് അലയന്‍സ് ഫൗണ്ടേഷന്റെ വായേല്‍ അലെജി പറയുന്നത്. തീവ്രവാദി സംഘടനകളായ ഹിസ്ബ് ഉത്-താഹിര്‍, മുസ്ലീം ബ്രദര്‍ഹുഡ് പോലെയുള്ള തീവ്രവാദി സംഘടനകളും, മുസ്ലീം ബ്രദര്‍ഹുഡ് മായി ബന്ധപ്പെട്ട അയാത്ത് ഒറാബി എന്ന ഈജിപ്ത്യന്‍ ബ്ളോഗ്ഗറുടെ പോസ്റ്റുകളും ഫേസ്ബുക്കില്‍ ഇപ്പോഴും സജീവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രൈസ്തവ വിരുദ്ധതയ്ക്കു സമാനമായി യഹൂദ വിരുദ്ധതയും ഫേസ്ബുക്ക് അനുവദിക്കുന്നുണ്ടെന്ന ആരോപണപവും ശക്തമാണ്. കമ്പനിയുടെ നിഷ്പക്ഷത കാത്തുസൂക്ഷിക്കുവാന്‍ തങ്ങള്‍ കഠിനമായി പ്രയത്നിക്കുന്നുണ്ടെന്ന്‍ ഫേസ്ബുക്ക് പറയുന്നുണ്ടെങ്കിലും, പരാതികളുണ്ടായിട്ട്‌ പോലും, ക്രൈസ്തവ യഹൂദ വിരുദ്ധര്‍ക്ക് ഫേസ്ബുക്ക് നല്‍കുന്ന സ്വാതന്ത്ര്യം കമ്പനിയുടെ കാപട്യത്തെ തുറന്നുകാട്ടുകയാണ്. ക്രിസ്ത്യന്‍ മൂല്യങ്ങളുള്ള വീഡിയോകള്‍ക്കും പ്രോലൈഫ് പോസ്റ്റുകള്‍ക്കും ഫേസ്ബുക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിവാദ നടപടി നേരത്തെ ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചിരിന്നു.


Related Articles »