India - 2024
വിശ്വാസ പരിശീലനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മൊബൈല്‍ ആപ്പ്
സ്വന്തം ലേഖകന്‍ 07-05-2019 - Tuesday
കൊച്ചി: മതബോധന വിശ്വാസ പരിശീലന ക്ലാസുകള്‍ ഏറ്റവും ആകര്‍ഷകമായ വിധത്തില്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുവാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി സീറോ മലബാര്‍ സഭയുടെ വിശ്വാസ പരിശീലന കമ്മീഷന്‍. അധ്യാപനത്തിനും അധ്യയനത്തിനും ഏറെ സഹായകമാകുമെന്ന് കരുതപ്പെടുന്ന ഈ ആപ്പ് കമ്മീഷന്‍ നേരത്തെ ആരംഭിച്ച സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതിയുടെ തുടര്‍ച്ചയായാണു പുറത്തിറക്കിയത്. ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പാഠപുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ഉപയോഗിക്കാന്‍ ഈ ആപ്പ് സഹായകമാണ്.
ഓരോ പാഠങ്ങളെയും ആധാരമാക്കിയുള്ള ക്ലാസിന്റെ ഓഡിയോ വേര്‍ഷന്‍, ഉള്ളടക്കത്തിന്റെ പശ്ചാത്തലം, പവര്‍ പോയിന്റ് പ്രസന്റേഷന്‍ (പിപിടി), അധ്യാപക സഹായി എന്നിവ മൂന്നു ഭാഷകളിലും ലഭ്യമാക്കിയിട്ടുണ്ട്. പഠനസഹായികള്‍, അനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ എന്നിവ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭിക്കും. വിശ്വാസ പരിശീലന ക്ലാസുകളില്‍ പാഠഭാഗങ്ങളോടനുബന്ധിച്ചു പരിചയപ്പെടുത്താവുന്ന അനുദിന വിശുദ്ധര്‍, പ്രചോദനാത്മക കഥകള്‍, ഹ്രസ്വചിത്രങ്ങള്‍, ആക്ഷന്‍ സോംഗുകള്‍, ഡോക്യുമെന്ററികള്‍ എന്നിവയും ആപ്ലിക്കേഷനില്‍ ലഭ്യമാണ്.
സ്മാര്‍ട്ട് ഫോണുകളില്‍ പ്ലേ സ്‌റ്റോറില്‍ നിന്നു സ്മാര്‍ട്ട് കാറ്റക്കിസം എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. മൊബൈല്‍ ആപ്ലിക്കേഷനിലെ പാഠഭാഗങ്ങളും പഠനസഹായികളും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും സംവിധാനമുണ്ട്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ഉപയോഗിക്കാനാവുന്ന തരത്തിലാണു മൊബൈല്‍ ആപ് ക്രമീകരിച്ചിരിക്കുന്നത്.