Arts

ജനപ്രിയ കത്തോലിക്ക ആപ്ലിക്കേഷന്‍ ‘ഹാല്ലോ’ ആപ്പ് 10 കോടി പ്രാര്‍ത്ഥനകള്‍ പൂര്‍ത്തിയാക്കി

പ്രവാചകശബ്ദം 11-09-2022 - Sunday

കാലിഫോര്‍ണിയ; ലോകത്തെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച കത്തോലിക്ക പ്രാര്‍ത്ഥന ആപ്ലിക്കേഷനായ ഹാല്ലോ അതിന്റെ വിജയകരമായ ചരിത്രത്തില്‍ മറ്റൊരു അധ്യായം കൂടി എഴുതിചേര്‍ത്തു. 10 കോടി പ്രാര്‍ത്ഥനകള്‍ എന്ന സുപ്രധാന നാഴികക്കല്ലാണ് ആപ്പ് പിന്നിട്ടിരിക്കുന്നത്. ആപ്ലിക്കേഷനിലൂടെ ഇത്രയേറെ പ്രാര്‍ത്ഥനകള്‍ ചൊല്ലിയെന്ന് ഡെവലപ്പേഴ്സ് വ്യക്തമാക്കി. ക്രിസ്ത്യാനിയായിട്ടാണ് ജനിച്ചതെങ്കിലും യുവത്വത്തില്‍ വിശ്വാസത്തില്‍ നിന്നും അകന്നു ജീവിച്ച അലെക്സ് ജോണ്‍സാണ് ഹാല്ലോ ആപ്ലിക്കേഷന്‍റെ ഉപജ്ഞാതാവ്. വിശ്വാസത്തില്‍ നിന്നും അകന്ന്‍ ജീവിക്കുന്ന സമയത്ത് ആപ്പ് സൃഷ്ടിക്കുവാനുള്ള ആശയം തനിക്ക് ലഭിച്ചതിനെ കുറിച്ചും, ആപ്പിന്റെ ചെറിയ തുടക്കത്തേക്കുറിച്ചും, വളര്‍ച്ചയേക്കുറിച്ചും ജോണ്‍സ് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വിവരിച്ചു.

ഓരോ തവണയും താന്‍ ധ്യാനിക്കുമ്പോള്‍ തന്റെ മനസ്സ് കുരിശിന്റെ ചിത്രം, പരിശുദ്ധ ത്രിത്വം, പരിശുദ്ധാത്മാവ് തുടങ്ങി ക്രൈസ്തവീകതയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാറുണ്ട്. വിശ്വാസ ജീവിതത്തില്‍ ധ്യാനത്തിനുള്ള പങ്കിനെ കുറിച്ച് തന്റെ സുഹൃത്തുക്കളും വൈദികരുമായി സംസാരിച്ചപ്പോള്‍ കഴിഞ്ഞ 2000 വര്‍ഷങ്ങളായി തങ്ങള്‍ ഇത് ചെയ്തു വരുന്നുണ്ടെന്നും അതിന്റെ പേരാണ് ‘പ്രാര്‍ത്ഥന’ എന്നുമാണ് തനിക്ക് ലഭിച്ച മറുപടിയെന്നും ജോണ്‍സ് പറഞ്ഞു. പിന്നീട് കത്തോലിക്ക ഭക്തിയിലേക്ക് കൂടുതലായി ഇറങ്ങി ചെന്നപ്പോഴാണ് ക്രിസ്തീയ പ്രാര്‍ത്ഥനയുടെ സമ്പുഷ്ടമായ ചരിത്രം തനിക്ക് മനസ്സിലായതെന്നു ജോണ്‍സ് പറയുന്നു. തന്റെ വിശ്വാസ ജീവിതത്തിലേക്ക് തിരികെ വന്ന ജോണ്‍സ് ഒരു ചെറിയ പ്രാര്‍ത്ഥനാ സഹായി ഉണ്ടാക്കി. ഇതാണ് പിന്നീട് വികസിച്ച് ഹാല്ലോ ആപ്പായി മാറിയത്.

ഇത് തന്റെ ദൈവനിയോഗമായിട്ടാണ് ജോണ്‍സ് കാണുന്നത്. ഇന്ന്‍ 37.5 ലക്ഷം ഡൌണ്‍ലോഡുമായി ലോകത്തെ ഏറ്റവും പ്രചാരമുള്ള കത്തോലിക്കാ ആപ്പുകളില്‍ ഒന്നാണ് ഹാല്ലോ. പ്രാര്‍ത്ഥനക്കാണ് ആപ്പ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെങ്കിലും ഒരു ക്രിസ്ത്യന്‍ കൂട്ടായ്മയായും ഈ ആപ്പ് ഉപയോഗിക്കപ്പെടുന്നുണ്ട്. ഫാ. മൈക്ക് ഷ്മിറ്റ്സിന്റെ ബൈബിള്‍ പോഡ്കാസ്റ്റ്, ‘ദി ചോസണ്‍’ എന്ന ജനപ്രിയ പരമ്പരയിലെ ജോനാഥന്‍ റൌമിയുടെ ബൈബിള്‍ വായന തുടങ്ങിയവയാണ് ആപ്പിനെ ഇത്രകണ്ട് ജനപ്രിയമാക്കിയത്. ഹാല്ലോ ആപ്പ് തികച്ചും സൗജന്യമാണ്. ആന്‍ഡ്രോയിഡ്, ഐഫോണ്‍ പ്ലാറ്റ്ഫോമുകളില്‍ ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്‌.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »