News - 2025
സിറിയയിലെ ക്രൈസ്തവ നരഹത്യയില്‍ മാധ്യമങ്ങള്‍ക്ക് നിശബ്ദത: കൊല്ലപ്പെട്ടത് അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍
സ്വന്തം ലേഖകന്‍ 14-05-2019 - Tuesday
സുക്കൈലാബിയ: വടക്ക് - പടിഞ്ഞാറന്‍ സിറിയയിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലയായ സുക്കൈലാബിയ പട്ടണത്തില്‍ തീവ്രവാദി ബന്ധമുള്ള സര്‍ക്കാര്‍ വിരുദ്ധ വിമതപക്ഷം നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ക്രൈസ്തവരായ അഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ കൊല്ലപ്പെട്ടു. തൊട്ടടുത്തുണ്ടായ മറ്റൊരു റോക്കറ്റാക്രമണത്തില്‍ 35 കാരിയായ ഒരു സ്ത്രീയും കൊല്ലപ്പെട്ടിട്ടുണ്ട്. ഏതാനും ദിവസങ്ങളായി സ്ഥിതിഗതികള്‍ ശാന്തമായതിനെ തുടര്‍ന്ന്‍ ആശ്രമത്തിനരികെ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് റോക്കറ്റ് പതിച്ചതെന്ന് സുക്കൈലാബിയയിലെ പുരോഹിതനായ ഫാ. മാഹെര്‍ ഹദ്ദാദ് പറഞ്ഞു. കൊല്ലപ്പെട്ട 5 കുട്ടികളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതില്‍ ഒരു സ്ത്രീയുടെയും നാലുകുട്ടികളുടെയും മൃതസംസ്കാര ശുശ്രൂഷയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിങ്ങിയ ഹൃദയവുമായി കറുത്ത വസ്ത്രം ധരിച്ചു ദേവാലയത്തില്‍ നിശ്ചലരായാണ് മരിച്ചവരുടെ പ്രിയപ്പെട്ടവരും വിശ്വാസികളും നില്‍ക്കുന്നത്. സൈനികരും മൃതസംസ്കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
മേഖലയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് സിറിയന്‍ ദേശീയ വാര്‍ത്താമാധ്യമമായ സന (SANA)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സിറിയന്‍ വാര്‍ത്ത ഏജന്‍സിയും ഏതാനും ഓസ്ട്രേലിയന്‍ മാധ്യമങ്ങളും ഒഴികെ മറ്റ് മാധ്യമങ്ങള്‍ ക്രൈസ്തവ നരഹത്യ റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ നവമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്.
തീവ്രവാദി സംഘടനയായ അല്‍ക്വയിദയുമായി ബന്ധമുള്ള ഹയാത് തഹ്രിര്‍ അല്‍-ഷാം (HTS) ആണ് ആക്രമത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. കടുത്ത ആക്രമണങ്ങളെ തുടര്‍ന്ന്‍ ഇദ്ലിബ് പ്രവിശ്യയില്‍ നിന്നും ക്രൈസ്തവര്‍ അടക്കം പതിനായിരങ്ങളാണ് പലായനം ചെയ്തത്. ലോകത്തിലെ ഏറ്റവും പുരാതന ക്രിസ്ത്യന്‍ സമൂഹങ്ങളിലൊന്നാണ് സിറിയയിലെ ക്രൈസ്തവര്‍. യേശു സംസാരിച്ചിരുന്ന അറമായ ഭാഷ സംസാരിക്കുന്ന സിറിയന്‍ ക്രിസ്ത്യാനികള്‍ ഇപ്പോഴും ഉണ്ട്.
2011-ല്‍ സിറിയയില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തെ ക്രൈസ്തവര്‍ കൊടിയ പീഡനങ്ങള്‍ക്കാണ് ഇരയായത്. ആയിരകണക്കിന് ക്രൈസ്തവരാണ് ഇക്കാലയളവില്‍ പലായനം ചെയ്തത്. ഇതേതുടര്‍ന്നു ക്രിസ്ത്യന്‍ ജനസംഖ്യ മൂന്നിലൊന്നായി കുറഞ്ഞിരിന്നു. നിലവില്‍ പത്തു ശതമാനത്തില്‍ താഴെയാണ് സിറിയയിലെ ക്രൈസ്തവ ജനസംഖ്യ.
