India - 2025
കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ കുടുക്കാന്‍ വന്‍ ഗൂഢാലോചന നടന്നതായി സ്ഥിരീകരണം
സ്വന്തം ലേഖകന്‍ 20-05-2019 - Monday
കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വന്‍ ഗൂഢാലോചന നടന്നതായി പോലീസിന്റെ സ്ഥിരീകരണം. കര്‍ദ്ദിനാളിനെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിനെതിരെ വ്യാജരേഖ ചമച്ചതെന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതില്‍ പങ്കുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ വ്യാജരേഖ ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തെന്ന്‍ കണ്ടെത്തിയ എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യനെ പിടികൂടിയതോടെയാണ് കേസിലെ ചുരുളഴിഞ്ഞത്.
കര്‍ദ്ദിനാളിന്റെ മുന്‍ ഓഫീസ് സെക്രട്ടറിയും മുരിങ്ങൂര്‍ വികാരിയുമായ വൈദികന്‍ വ്യാജരേഖ ചമയ്ക്കാന്‍ തന്നോട് ആവശ്യപ്പെട്ടതെന്നും വൈദികരുടെ പേര് ഉള്‍പ്പെടാതിരിക്കാനാണ് ഫാ. പോള്‍ തേലക്കാട്ടിന് രേഖ നേരിട്ട് അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടതെന്നും ആദിത്യന്‍ പോലീസിനോട് വെളിപ്പെടുത്തി. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആദിത്യനെ ഉപയോഗിച്ച് വ്യാജരേഖ നിര്‍മിച്ച് കര്‍ദിനാളിനെ കുടുക്കാനായിരുന്നു സഭയിലെ ഒരുവിഭാഗത്തിന്റെ നീക്കമെന്ന് പോലീസിന് വ്യക്തമായി. സംഭവത്തില്‍ കൂടുതല്‍ വൈദികരെ ചോദ്യംചെയ്യുമെന്നും ഇവര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
കഴിഞ്ഞദിവസമാണ് സീറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ ആദിത്യനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ആദ്യഘട്ട ചോദ്യംചെയ്യലില്‍ തനിക്ക് ലഭിച്ചത് വ്യാജരേഖയല്ലെന്നായിരുന്നു ആദിത്യന്റെ വാദം. പക്ഷേ, പിന്നീട് നടത്തിയ ചോദ്യംചെയ്യലില്‍ ആദിത്യന്റെ കമ്പ്യൂട്ടറില്‍നിന്നാണ് വ്യാജരേഖ നിര്‍മിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഈ കമ്പ്യൂട്ടര്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഞായറാഴ്ച രാവിലെയോടെ ആദിത്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ സത്യം പുറത്തു വരട്ടെയെന്നും എല്ലാം ശുഭകരമായി പര്യവസാനിക്കണമെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രതികരിച്ചു.
