India - 2025
സഭയില്‍ സമാധാനം കൈവരിക്കണമെന്നാണ് തന്റെ ആഗ്രഹം: ഇഗ്നാത്തിയോസ് അപ്രേം പാത്രിയര്‍ക്കീസ് ബാവ
സ്വന്തം ലേഖകന്‍ 25-05-2019 - Saturday
മഞ്ഞനിക്കര: സ്‌നേഹത്തിലധിഷ്ഠിതമായ ചര്‍ച്ചകളിലൂടെ സഭയില്‍ സമാധാനം കൈവരിക്കണമെന്നാണ് പാത്രിയാര്‍ക്കീസ് എന്ന നിലയില്‍ താന്‍ ആഗ്രഹിക്കുന്നതെന്ന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ. കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ ബാവ മഞ്ഞനിക്കര ദയറാ അങ്കണത്തില്‍ ചേര്‍ന്ന വിശ്വാസികളുടെ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അനുരഞ്ജനത്തിന്റെ പേരില്‍ വിശ്വാസികളെയോ വിശ്വാസത്തെയോ ബലികഴിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂര്‍വപിതാക്കന്മാരുടെ കാലത്തും ഇതേപോലെ പള്ളികളും സ്ഥാപനങ്ങളും സഭയ്ക്കു നഷ്ടപ്പെട്ടു. അവയുടെയെല്ലാം സ്ഥാനത്തു നാം പുതിയതു പണിതു. അനുരഞ്ജനത്തിന്റെ പാതയിലൂടെ സഭയില്‍ സമാധാനത്തിനുവേണ്ടി നാം ഏറെ ശ്രമിച്ചു. എന്നാല്‍, മറുവിഭാഗം വാതിലുകള്‍ കൊട്ടിയടയ്ക്കുകയായിരുന്നു. 2017ലെ സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ പാത്രിയര്‍ക്കീസ് വിഭാഗത്തെ ഇല്ലായ്മ ചെയ്യാമെന്നാണ് അവരുടെ മോഹം. സ്‌നേഹത്തിലധിഷ്ഠിതമായ ചര്‍ച്ചകളിലൂടെ സഭയില്‍ സമാധാനം കൈവരിക്കണമെന്നാണ് പാത്രിയര്‍ക്കീസ് എന്ന നിലയില്‍ താന്‍ ആഗ്രഹിക്കുന്നത്.
ഇതിനായി ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭാ സമിതി ശ്രമം നടത്തി. എന്നാല്‍, മറുവിഭാഗം സഹകരിച്ചില്ല. സഭയിലെ ഏതൊരാളുടെയും അവകാശവും മാന്യതയും അംഗീകരിച്ചുകൊണ്ടുള്ള തീരുമാനമായിരിക്കും ഉണ്ടാകുക. അന്ത്യോഖ്യന്‍ സിംഹാസനത്തിനു കീഴില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന അവസാന ആളിനൊപ്പവും താനുണ്ടാകുമെന്നും പാത്രിയര്‍ക്കീസ് ബാവ പറഞ്ഞു.
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ, തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത, ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത, യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത എന്നിവര്‍ പ്രസംഗിച്ചു. ഇന്നു രാവിലെ മഞ്ഞനിക്കര ദയറാ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയ്ക്കു പാത്രിയര്‍ക്കീസ് ബാവ മുഖ്യകാര്‍മികത്വം വഹിക്കും.
