India - 2025
ദളിത് ക്രിസ്ത്യന്‍ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും
സ്വന്തം ലേഖകന്‍ 26-05-2019 - Sunday
കണ്ണൂര്‍: കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് പതിനൊന്നാമത് സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കമായി. സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ദളിത് ക്രൈസ്തവരുടെ ആവശ്യങ്ങളും ആവലാതികളും കേള്‍ക്കാന്‍ മനസുള്ള സര്‍ക്കാരാണ് കേരളത്തിലേതെന്ന് മന്ത്രി ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. വര്‍ഗപരമായി നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സംഘടനയെ ശക്തിപ്പെടുത്തണം. ആരാധനാ സ്വാതന്ത്ര്യം നാട്ടില്‍ നിലനില്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സിഡിസി ചെയര്‍മാന്‍ എസ്.ജെ. സാംസണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മേയര്‍ ഇ.പി. ലത മുഖ്യപ്രഭാഷണം നടത്തി. സിഎസ്‌ഐ കൊല്ലംകൊട്ടാരക്കര മഹാ ഇടവക ബിഷപ് റവ.ഡോ. ഉമ്മന്‍ ജോര്‍ജ് അനുഗ്രഹ പ്രഭാഷണം നടത്തി. എന്‍സിഡിസി ദേശീയ വൈസ് ചെയര്‍പേഴ്‌സണ്‍ മാഗ്ലിന്‍ ജെറി മുഖ്യാതിഥിയായിരുന്നു. ഫാ. ജോണ്‍ അരീക്കല്‍, മേജര്‍ ഡോ. റോയി ജോസഫ്, സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി ജോര്‍ജ്, എബനേസര്‍ ഐസക്, ഡബ്ല്യു.ആര്‍. പ്രസാദ്, കെ.ജെ.ടിറ്റന്‍, കെ.ബി.സൈമണ്‍, ബേബി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് പ്ലീനറി സംഘടനാ റിപ്പോര്‍ട്ട് സമ്മേളനം നടന്നു. പരിവര്‍ത്തിത വികസന കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ മത്തായി ചാക്കോ പ്രബന്ധം അവതരിപ്പിച്ചു. സിഡിസി സംസ്ഥാന കണ്‍വീനര്‍ വി.ജെ. ജോര്‍ജ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേജര്‍ സാം ഇമ്മാനുവല്‍, പി.ഒ. പീറ്റര്‍, സുനില്‍ കൊയിലേരിയന്‍, ജെയ്‌സണ്‍ പി. ജോണ്‍സണ്‍, സി.ഡി. റെജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.
സമാപന ദിനമായ ഇന്നു രാവിലെ 11ന് നടക്കുന്ന വനിതാസമ്മേളനം ടി.വി. രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് ഫാ. പീറ്റര്‍ കെയ്‌റോണി അനുസ്മരണ സമ്മേളനം കണ്ണൂര്‍ രൂപത വികാരി ജനറാള്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് സ്‌റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സമാപനസമ്മേളനം കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല ഉദ്ഘാടനം ചെയ്യും.
