Life In Christ

ഓങ്കോളജി വാര്‍ഡ് അള്‍ത്താരയായി: വേദനയുടെ നടുവില്‍ ബ്രദർ മൈക്കിളിന് സ്വപ്ന സാക്ഷാത്ക്കാരം

സ്വന്തം ലേഖകന്‍ 27-05-2019 - Monday

വാഴ്സോ: മരണത്തെ പുല്‍കും മുന്‍പ് നിത്യപുരോഹിതനായ ഈശോയുടെ പൗരോഹിത്യത്തെ സ്വീകരിക്കണമെന്ന സെമിനാരി വിദ്യാര്‍ത്ഥിയുടെ ആഗ്രഹത്തിന് മുന്നില്‍ തിരുസഭ 'യെസ്' പറഞ്ഞപ്പോള്‍ പോളണ്ടില്‍ നടന്നത് അത്യഅപൂര്‍വ്വ സംഭവം. ‘സൺസ് ഓഫ് ഡിവൈൻ പ്രോവിഡൻസ്’ എന്ന സന്യാസ സമൂഹാംഗമായ ബ്രദർ മൈക്കിൾ ലോസിനെ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരിന്നു. ഗുരുതരമായ അവസ്ഥയില്‍ പൗരോഹിത്യം സ്വീകരിക്കണമെന്ന ബ്രദർ മൈക്കിളിന്റെ ‘അന്ത്യാഭിലാഷം’ സഫലമാക്കാൻ രൂപതാധികൃതരും ഫ്രാൻസിസ് പാപ്പയും കൈക്കൊണ്ട തീരുമാനം ഓങ്കോളജി വാർഡിനെ തിരുപ്പട്ട സ്വീകരണ വേദിയാക്കി മാറ്റുകയായിരിന്നു.

ലൂയിജി ഓറിയോൺ മേജർ സെമിനാരിയില്‍ പഠിക്കുകയായിരുന്ന അദ്ദേഹത്തിനു ഒരു മാസം മുൻപാണ് കാൻസർ രോഗം സ്ഥിരീകരിച്ചത്. തീർത്തും ഗുരുതരമായ സാഹചര്യത്തിൽ പൗരോഹിത്യ സ്വീകരണം എന്ന ഒറ്റ ആഗ്രഹം മാത്രമേ അദ്ദേഹത്തിന്നുണ്ടായിരിന്നുള്ളൂ. വൈദിക വിദ്യാർത്ഥിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി വാഴ്സോ-പ്രാഗ് രൂപത പ്രത്യേകം ഇടപെട്ടു. തുടര്‍ന്നു അധികാരികൾ വിഷയം മാർപാപ്പയെ ധരിപ്പിക്കുകയായിരിന്നു. കരുണയുടെ ഇടയനായ പാപ്പ പ്രത്യേകം അനുമതി നല്കിയതോടെയാണ് ആശുപത്രി തിരുപ്പട്ടത്തിനുള്ള അള്‍ത്താരയായി പരിണമിച്ചത്. ഇക്കഴിഞ്ഞ മേയ് 24നായിരുന്നു ഓങ്കോളജി വാർഡിലെ കിടക്കയില്‍വച്ച് അദ്ദേഹം തിരുപ്പട്ട സ്വീകരിച്ചത്.

ഡീക്കൻ പദവിയും പൗരോഹിത്യവും ഒന്നിച്ചാണ് അദ്ദേഹത്തിന് നൽകിയതെന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുത. വാഴ്സോ-പ്രാഗ് ബിഷപ്പ് മറെക് സോളാർസിക്ക് 'ആശുപത്രി തിരുക്കര്‍മ്മങ്ങള്‍'ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഏതാനും വൈദികരുടെയും ഉറ്റബന്ധുക്കളുടെയും സാന്നിധ്യത്തിലായിരിന്നു പൗരോഹിത്യ സ്വീകരണം. രോഗകിടക്കയിലെ തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനു സാക്ഷികളാകാന്‍ എത്തിയവരെ വേദനയുടെ നടുവിലും പുഞ്ചിരിയോടെ അനുഗ്രഹിച്ചാണ് ഫാ. മൈക്കിൾ മടക്കി അയച്ചത്.

അതേസമയം ആശുപത്രി കിടക്കയിലെ പൗരോഹിത്യ സ്വീകരണത്തിന്റെ ചിത്രങ്ങളും വീഡിയോകളും നവമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുകയാണ്. ക്രിസ്തുവിനോടുള്ള തീവ്രമായ ആഗ്രഹത്തെ തുടര്‍ന്നു പൗരോഹിത്യം സ്വീകരിച്ച നവവൈദികന്റെ രോഗസൗഖ്യത്തിനായി ധാരാളം ആളുകളാണ് പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നത്. നമ്മുക്കും പ്രാര്‍ത്ഥിക്കാം- ഫാ. മൈക്കിൾ ലോസിന്റെ സൗഖ്യത്തിനായി.


Related Articles »