India - 2025

സത്യം കണ്ടെത്തിയ ശേഷം മാത്രം സമവായം: നിലപാട് ആവര്‍ത്തിച്ച് മീഡിയ കമ്മീഷന്‍

സ്വന്തം ലേഖകന്‍ 29-05-2019 - Wednesday

കാക്കനാട്: വ്യാജരേഖ കേസില്‍ തങ്ങള്‍ക്കെതിരെയുള്ള നിയമനടപടികള്‍ റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി മാര്‍ ജേക്കബ് മനത്തോടത്തും ഫാ. പോള്‍ തേലക്കാട്ടും നല്‍കിയ ഹര്‍ജി, കോടതി പരിഗണിച്ച സാഹചര്യത്തില്‍ നിലപാട് ആവര്‍ത്തിച്ച് സീറോ മലബാര്‍ സഭയുടെ മീഡിയ കമ്മീഷന്‍. സമവായ ചര്‍ച്ചകള്‍ക്കു കോടതി സാധ്യത ആരാഞ്ഞെങ്കിലും വ്യാജരേഖകളുടെ ഉറവിടത്തിന്റെ നിജസ്ഥിതി കണ്ടെത്തേണ്ടതു അത്യാവശ്യമാണെന്നും കോടതിയില്‍ നടന്ന സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ വ്യാജരേഖ കേസ് പിന്‍വലിക്കുന്നതിന് തീരുമാനമായി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മീഡിയ കമ്മീഷന്‍ പ്രസ്താവിച്ചു.

ജില്ലാ കോടതിയുടെ നിര്‍ദേശപ്രകാരം പ്രതികളുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയില്‍ ഇത്തരം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശപരമാണ്. വ്യാജരേഖകളുടെ ഉറവിടത്തിന്റെ നിജസ്ഥിതി കണ്ടെത്തേണ്ടതു തന്നെയാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുള്ളതായി തോന്നുന്നില്ല. വ്യാജരേഖ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സഭാ സിനഡിന്റെ തീരുമാന പ്രകാരമാകയാല്‍ സമവായത്തിനുള്ള ഏതൊരു നിര്‍ദേശവും പരിഗണിക്കുന്നത് സഭയുടെ ബന്ധപ്പെട്ട സമിതികളില്‍ നടത്തുന്ന കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്നും മീഡിയ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.


Related Articles »