News - 2025
'കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതിനേക്കാള്‍ നല്ലത് തടവറ': ‘ബില്‍ 360’നെതിരെ ഓക്ക്‌ലാന്റ് ബിഷപ്പ്
സ്വന്തം ലേഖകന്‍ 30-05-2019 - Thursday
ഓക്ക്‌ലാന്റ്, കാലിഫോര്‍ണിയ: കാലിഫോര്‍ണിയ സംസ്ഥാനത്തിലെ കത്തോലിക്ക വൈദികരോട് കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന് നിയമപരമായി ആവശ്യപ്പെടുന്ന ‘ബില്‍ 360’ നെതിരെ തുറന്നടിച്ച് ഓക്ക്‌ലാന്റ് രൂപതാ മെത്രാന്‍ മൈക്കേല്‍ ബാര്‍ബര്‍ എസ്.ജെ. സംസ്ഥാനത്തിലെ ഒരു പുരോഹിതനും ഈ നിയമം പാലിക്കുകയില്ലെന്നും നിയമം പാലിക്കാത്ത കാരണത്താല്‍ താന്‍ അറസ്റ്റ് വരിച്ച് ജയിലില്‍ പോകാനും തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രൂപതയിലെ വിശ്വാസികള്‍ക്കായി പുറത്തുവിട്ട കത്തിലൂടെയാണ് അദ്ദേഹം ബില്ലിനെതിരെ ആഞ്ഞടിച്ചത്.
‘പരിപൂര്‍ണ്ണ സ്വകാര്യതയില്‍ നമ്മുടെ പാപങ്ങള്‍ ഏറ്റ് പറയുവാനും പാപമോചനം നേടുവാനുമുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണ്' എന്നു രേഖപ്പെടുത്തിയ ബിഷപ്പ് ബില്ലിനോടുള്ള ശക്തമായ പ്രതിഷേധം തങ്ങളുടെ സെനറ്റര്‍ മുമ്പാകെ രേഖപ്പെടുത്തുവാനും വിശ്വാസികളോട് ആഹ്വാനം ചെയ്തു. കുട്ടികള്‍ക്കെതിരായ ലൈംഗീക പീഡനങ്ങള്‍ തടയുന്ന നിയമങ്ങളോട് താന്‍ പരിപൂര്‍ണ്ണമായും യോജിക്കുന്നുവെന്നും, പ്രായപൂര്‍ത്തിയാവാത്തവരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി സഭ നടത്തുന്ന പ്രവര്‍ത്തനങ്ങളെ താന്‍ പിന്തുണക്കുമെന്നും മെത്രാന്‍ പറഞ്ഞു. എന്നാല്‍ ഇതിനര്‍ത്ഥം താന്‍ ബില്‍ 360-നെ പിന്തുണക്കുന്നു എന്നതല്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലിഫോര്‍ണിയ സ്റ്റേറ്റ് സെനറ്റര്‍ ആയ ജെറി ഹില്‍ ആണ് ഈ ബില്‍ കൊണ്ടുവന്നിരിക്കുന്നത്. കുമ്പസാര രഹസ്യം, രഹസ്യമായി സൂക്ഷിക്കുവാനുള്ള പുരോഹിതരുടെ അവകാശം വലിയതോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് ഹില്‍ ആരോപിക്കുന്നത്. എന്നാല്‍ കുമ്പസാര രഹസ്യം സൂക്ഷിക്കുന്നതും, കുട്ടികള്‍ക്കെതിരെയുള്ള പുരോഹിതരുടെ ലൈംഗീകാതിക്രമങ്ങളും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ലെന്നുമാണ് സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം ബില്ലിനെതിരെയുള്ള പ്രതിഷേധം രാജ്യാന്തര തലത്തില്‍ തന്നെ ശക്തമായിക്കൊണ്ടിരിക്കുകയാണ്.