News - 2025
"ദിവസവും കർത്താവുമായി സംസാരിക്കൂ": ആയുര്‍ദൈര്‍ഘ്യത്തിന്റെ രഹസ്യം വിവരിച്ച് നൂറ്റിയൊന്നുകാരി
പ്രവാചകശബ്ദം 03-05-2023 - Wednesday
പാരീസ്: പ്രായമായെങ്കിലും മനസ്സില്‍ നിത്യയൗവ്വനം കാത്തുസൂക്ഷിക്കുന്നവരുടെ ഉത്തമ മാതൃകയാവുകയാണ് വെറോനിക്ക ടെല്ലിയര്‍ എന്ന നൂറ്റിയൊന്നുകാരി. ശക്തമായ ദൈവവിശ്വാസവും, പ്രാര്‍ത്ഥനയുമാണ് തന്റെ നീണ്ട ജീവിതത്തിന്റെ രഹസ്യമെന്നു ഫ്രഞ്ച് മാധ്യമമായ ‘ലാ ഡെപ്പേച്ചെ’ക്ക് നല്‍കിയ അഭിമുഖത്തില്‍ വെറോനിക്ക പറഞ്ഞു. 1923-ല്‍ അള്‍ജീരിയയില്‍ ജനിച്ച വെറോനിക്ക, അള്‍ജീരിയന്‍ യുദ്ധം വരെ (1954-1962) അവിടെയാണ് താമസിച്ചത്. യുദ്ധമാണ് വെറോണിക്കയെ ഫ്രാന്‍സില്‍ എത്തിച്ചത്. തന്റെ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുന്നതിലും തന്റെ ജീവന്‍ ത്യജിക്കുന്നതാണ് തനിക്കിഷ്ടമെന്നാണ് വെറോനിക്ക പറയുന്നത്.
തന്റെ ഇരുപതുകാരിയായ മകളുടെ മരണമാണ് വെറോനിക്ക നേരിട്ട ഏറ്റവും വലിയ സഹനം. എങ്കിലും അസാമാന്യമായ വിശ്വാസമാണ് വെറോണിക്ക അന്നും കാഴ്ചവെച്ചത്. “ഒരിക്കലും ഭേദമാകാത്ത മുറിവുകളാണ് അവ. വിശ്വാസമാണ് മുന്നോട്ട് പോകുവാന്‍ എന്നെ സഹായിച്ചത്. ഞാന്‍ ദിവസവും ദൈവത്തോട് സംസാരിക്കുമായിരുന്നു, കര്‍ത്താവിനെ മുറുകെ പിടിക്കുക, നിങ്ങള്‍ക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. എന്റെ ദുഃഖം നിറഞ്ഞ സമയങ്ങളില്‍, ഞാന്‍ ദൈവമാതാവിലേക്കാണ് നോക്കിയത്: ആത്മവിശ്വാസത്തോടുകൂടി സദാ അവള്‍ അവിടെ ഉണ്ടായിരുന്നു. എന്റെ വിശ്വാസം ഉപേക്ഷിക്കുന്നതിനു പകരം ജീവന്‍ നല്‍കുവാനാണ് എനിക്കിഷ്ടം, ഈ ആത്മീയ സമ്പത്ത് തനിക്ക് നല്‍കിയതിന് ഞാന്‍ നന്ദി പറയുന്നു” - വെറോനിക്ക പറയുന്നു.
സന്തോഷകരമായ ജീവിതത്തിനായി വെറോനിക്കക്ക് കൃത്യമായ ദിനചര്യയുണ്ടെന്നതും ശ്രദ്ധേയമാണ്. അനുദിനമുള്ള വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കല്‍, വ്യാഴാഴ്ചകളിലെ വ്യായാമം, പ്രിയപ്പെട്ടവരുമായുള്ള ഫോണ്‍ സംഭാഷണം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. “എല്ലാറ്റിലും ഉപരിയായി ഞാന്‍ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കും. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ എത്തുമ്പോള്‍ ഞാന്‍ ദൈവത്തോടു പറയും: നീ പറഞ്ഞ എല്ലാക്കാര്യവും ഞാന്‍ ചെയ്തിട്ടുണ്ട്, നിന്റെ പാര്‍ശ്വത്ത് ഒരു സ്ഥലം എനിക്ക് കിട്ടുമെന്നാണ് എന്റെ പ്രതീക്ഷ” - വെറോനിക്ക വെളിപ്പെടുത്തി. തെക്കന്‍ ഫ്രാന്‍സിലെ മൊണ്ടാബുവാനിലെ റിട്ടയര്‍മെന്റ് ഹോമില്‍ ക്രിസ്തുവിന് ഹൃദയത്തില്‍ വഹിച്ചുക്കൊണ്ട് ഏറെ സന്തോഷപൂര്‍വ്വം വാര്‍ദ്ധക്യ ജീവിതം നയിക്കുകയാണ് വെറോണിക്ക ഇപ്പോള്‍.
Tag: 101-year-old’s secret to longevity: “Talk to God every day”, Véronique Tellier, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക