India - 2025
മനുഷ്യസാധ്യമായ എല്ലാ സേവനങ്ങളും സഹായങ്ങളും നൽകും: ഉരുൾപൊട്ടലിൽ സിബിസിഐ
പ്രവാചകശബ്ദം 31-07-2024 - Wednesday
സുൽത്താൻ ബത്തേരി: മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ അതിദാരുണമായ ഉരുൾപൊട്ടലിൽ സിബിസിഐ വൈസ് പ്രസിഡന്റും ബത്തേരി ബിഷപ്പുമായ ജോസഫ് മാർ തോമസ് അതീവ ദുഃഖം രേഖപ്പെടുത്തി. അപ്രതീക്ഷിതമായി മരിച്ചവരുടെ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും നാട്ടുകാരോടുമുള്ള അനുശോചനവും പ്രാർത്ഥനയും ഭാരതസഭയ്ക്കുവേണ്ടി അറിയിച്ചു. സ്വത്തും ഭവനവും കൃഷിയിടങ്ങളും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ ആയിരിക്കുന്ന എല്ലാവരോടുമുള്ള സഹാനുഭൂതിയും സഹായസന്നദ്ധതയും അദ്ദേഹം അറിയിച്ചു.
സർക്കാരിന്റെ സംവിധാനങ്ങളോട് ചേർന്നുകൊണ്ട് ഭാരത സഭയുടെയും ബത്തേരി രൂപതയുടെയും സംവിധാനങ്ങൾ ഉപയോഗിച്ച് മനുഷ്യസാധ്യമായ എല്ലാ സേവനങ്ങളും സഹായങ്ങളും നൽകും. അല്‍മായ സംഘടനകൾ യുവജന പ്രസ്ഥാനങ്ങൾ ശ്രേയസ് പ്രവർത്തകർ ഇവരുടെ നേതൃത്വത്തിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അത്യന്തം ദുഃഖകരമായ ഈ അവസരത്തിൽ എല്ലാവരുടെയും പ്രാർത്ഥനയും സഹായവും ഉണ്ടാകണമെന്ന് പ്രത്യേകമായി അഭ്യർത്ഥിക്കുന്നതായും ബിഷപ്പ് പറഞ്ഞു.