News - 2024

2020ൽ ഇറാഖ് സന്ദർശിക്കാനായുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 11-06-2019 - Tuesday

വത്തിക്കാന്‍ സിറ്റി: ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണത്താല്‍ നൂറുകണക്കിന് ക്രൈസ്തവരുടെ രക്തം വീണ പീഡന ഭൂമിയായ ഇറാഖ് സന്ദര്‍ശിക്കുവാന്‍ വീണ്ടും ആഗ്രഹം പ്രകടിപ്പിച്ചു ഫ്രാന്‍സിസ് പാപ്പ. ഓറിയന്റൽ കത്തോലിക്ക സഭകൾക്ക് സഹായങ്ങൾ നൽകുന്ന ദി റീ യൂണിയൻ ഓഫ് എയിഡ് ഏജൻസീസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുരക്ഷാ പ്രശ്നങ്ങളെ വകവെക്കാതെ 2020ൽ ഇറാഖ് സന്ദർശിക്കാനായുള്ള ആഗ്രഹം ഫ്രാൻസിസ് മാർപാപ്പ അറിയിച്ചത്. റീ യൂണിയന്റെ കീഴിൽ വരുന്ന വിശ്വാസികൾ പീഡനമേൽക്കുന്ന സിറിയ, യുക്രൈൻ, വിശുദ്ധനാട് തുടങ്ങിയ സ്ഥലങ്ങളുടെ പേര് പാപ്പ പരാമർശിച്ചു. ഇറാഖിന്റെ പേര് പാപ്പ പ്രത്യേകം സൂചിപ്പിക്കുകയായിരിന്നു. പ്രാദേശിക ശക്തികളുടെ പേരിൽ പോരടിക്കാതെ പൊതുനന്മയ്ക്കായി ലഭ്യമായതെല്ലാം പങ്കുവെക്കുന്ന ഒരു സമാധാനത്തിന്റെ ഭാവി ഇറാഖ് രൂപപ്പെടുത്തിയെടുക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ് രാജ്യത്തിന്റെ പലഭാഗങ്ങളും പിടിച്ചെടുത്തപ്പോൾ ഒരുപാട് പീഡനങ്ങളും, ക്ലേശങ്ങളും സഹിക്കേണ്ടി വന്നവരാണ് ഇറാഖിലെ ആയിരക്കണക്കിന് ക്രൈസ്തവർ. കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭയും ഉൾപ്പെടെയുള്ള പൗരസ്ത്യസഭകൾക്ക് ഇറാഖിൽ സാന്നിധ്യമുണ്ട്. ഫ്രാൻസിസ് മാർപാപ്പ ഇറാഖ് സന്ദർശിച്ചാൽ അത് ഇറാഖിലേയ്ക്ക് ഏതെങ്കിലും ഒരു പാപ്പ നടത്തുന്ന ആദ്യത്തെ അപ്പസ്തോലിക സന്ദർശനമായിരിക്കും. ഇതിനു മുമ്പും ഇറാഖ് സന്ദർശനത്തിനെ കുറിച്ച് പാപ്പക്കു പദ്ധതി ഉണ്ടായിരുന്നെങ്കിലും സുരക്ഷാകാരണങ്ങളാൽ റദ്ദാക്കുകയായിരുന്നു. പ്ലീനറി കൂടിക്കാഴ്ചക്കു ദി റീ യൂണിയൻ ഓഫ് ഏയ്ഡ് ഏജൻസീസിന് പാപ്പ നന്ദി പറഞ്ഞു.


Related Articles »