News - 2025
ഫ്രാന്‍സിസ് പാപ്പയുടെ സൗഖ്യവും തിരിച്ചുവരവുമാണ് പ്രധാനം: ഊഹാപോഹങ്ങള്‍ തള്ളി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി
പ്രവാചകശബ്ദം 23-02-2025 - Sunday
വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ രാജിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടെ പ്രതികരണവുമായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. പാപ്പായുടെ സൗഖ്യവും വത്തിക്കാനിലേക്കുള്ള തിരിച്ചുവരവും ആണ് ഇപ്പോൾ പ്രധാനപ്പെട്ട കാര്യങ്ങളെന്നു അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 14 മുതൽ റോമിലെ ജെമല്ലി ആശുപത്രിയിൽ ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നീ രോഗങ്ങൾക്ക് പാപ്പ ചികിത്സയിൽ തുടരുന്നതിനിടെ വിവിധ പ്രചരണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ഇറ്റലിയിലെ “കൊറിയേരെ ദെല്ല സേര” എന്ന ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ സ്റ്റേറ്റ് സെക്രട്ടറി പ്രതികരിച്ചത്.
രാജി ഉള്‍പ്പെടെയുള്ള വ്യാജവാർത്തകൾക്കു പുറത്തുനില്ക്കാനാണ് താൻ ശ്രമിക്കുന്നതെന്നും എന്നാൽ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഇത്തരം വാർത്തകള്‍ അസ്ഥാനത്തുള്ളതും കടിഞ്ഞാണില്ലാത്തതുമായ ചില പ്രസ്താവനകളും ഉണ്ടാകുക ഒരു പരിധിവരെ സാധാരണമാണെന്നു കർദ്ദിനാൾ പരോളിൻ പ്രതികരിച്ചു. വത്തിക്കാനിൽ നിന്ന് ഔദ്യോഗിക രേഖകളും മറ്റും പാപ്പായ്ക്ക് എത്തിച്ചുകൊടുക്കുന്നുണ്ടെന്നും അതു സൂചിപ്പിക്കുന്നത് കാര്യങ്ങൾ നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത് എന്നാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഫ്രാന്‍സിസ് പാപ്പയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണെങ്കിലും ഇന്നലെ രാത്രി പാപ്പ ശാന്തമായി വിശ്രമിച്ചുവെന്ന് വത്തിക്കാന്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
