News - 2025

ഫ്രാൻസിസ് പാപ്പയ്ക്കു ശ്വാസതടസ്സം, ഓക്സിജനും രക്തവും നല്‍കി: ആരോഗ്യസ്ഥിതി അപകടകരമായ നിലയിലെന്ന് വത്തിക്കാന്‍

പ്രവാചകശബ്ദം 23-02-2025 - Sunday

വത്തിക്കാന്‍ സിറ്റി: ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യസ്ഥിതി അപകടകരമായ നിലയിൽ. കഴിഞ്ഞ ദിവസങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യാവസ്ഥയില്‍ നേരിയ പുരോഗതിയുണ്ടായിരിന്നെങ്കിലും ഇന്നലെ ആസ്മയുമായി ബന്ധപ്പെട്ട് പാപ്പയ്ക്കു ശ്വാസതടസം നേരിട്ടുവെന്നും ഓക്സിജനും മറ്റു മരുന്നുകളും നൽകിയെന്നും വത്തിക്കാന്‍ അറിയിച്ചു. ഇന്നലെ നടത്തിയ രക്തപരിശോധനാഫലങ്ങൾ കണക്കിലെടുത്ത് പാപ്പായ്ക്ക് രക്തം നൽകേണ്ടിവന്നു.

കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ ഫ്രാന്‍സിസ് പാപ്പ മാരകാവസ്ഥയിലല്ലെന്നും എന്നാൽ അതേസമയം അപകടനില തരണം ചെയ്തുവെന്ന് പറയാനാകില്ലെന്നും, ഒരാഴ്ചകൂടിയെങ്കിലും ആശുപത്രിയിൽ തുടരേണ്ടിവരുമെന്നും വത്തിക്കാനിലെയും ജെമെല്ലി ആശുപത്രിയിലെയും മെഡിക്കൽ സംഘം വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഇന്നലെ ഇരുപത്തിരണ്ടാം തീയതി ശനിയാഴ്ച രാവിലെ പാപ്പയ്ക്ക് ആസ്മയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കൂടുതൽ സമയം അനുഭവപ്പെട്ടതിനാൽ പാപ്പായ്ക്ക് ഓക്സിജനും മറ്റു മരുന്നുകളും നൽകേണ്ടിവരികയായിരിന്നുവെന്ന് വത്തിക്കാന്‍ ഔദ്യോഗിക പത്രക്കുറിപ്പ് വ്യക്തമാക്കി.

രക്തത്തിൽ പ്ലേറ്റ്ലേറ്റ്സ് കുറഞ്ഞതിനെത്തുടർന്ന് ഹീമോഗ്ലോബിൻ അളവ് ശരിയായ തോതിൽ നിലനിറുത്തുവാൻ വേണ്ടി, പാപ്പയ്ക്ക് രക്തം നൽകേണ്ടിവന്നുവെന്നും രോഗാവസ്ഥയിൽ തുടരുന്ന പാപ്പാ കഴിഞ്ഞ ദിവസത്തേക്കാൾ ക്ഷീണിതനാണെന്നും വത്തിക്കാന്‍ പ്രസ് ഓഫീസ് വിശദീകരിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ രോഗമുക്തിയ്ക്ക് വേണ്ടി ലോകമെമ്പാടും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കുകയാണ്. ഭാരതത്തിലെ എല്ലാ പള്ളികളിലും ക്രൈസ്തവ സ്ഥാപനങ്ങളിലും ഇന്ന് വിശുദ്ധ കുർബാനയോടൊപ്പം ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തണമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തിരിന്നു. പാപ്പയെ ചികിത്സിക്കുന്ന റോമിലെ ജെമെല്ലി ആശുപത്രിക്ക് മുന്നിലും വിശ്വാസി സമൂഹം ഇന്ന്‍ പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ച് കൂടുന്നുണ്ട്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



Related Articles »