News - 2024

സമൂഹ മാധ്യമമായ പിന്‍റെറസ്റ്റിന്റെ ക്രിസ്ത്യന്‍ വിരുദ്ധത പുറത്ത്

സ്വന്തം ലേഖകന്‍ 12-06-2019 - Wednesday

സാന്‍ ഫ്രാന്‍സിസ്കോ: അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമൂഹ മാധ്യമ വെബ്സൈറ്റായ ‘പിന്‍റെറസ്റ്റ്’ന്റെ ക്രിസ്ത്യന്‍ വിരുദ്ധത വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. ‘പിന്‍റെറസ്റ്റ്’ന്റെ സെര്‍ച്ച് എഞ്ചിനില്‍ ബൈബിള്‍ വാക്യങ്ങളും ക്രിസ്ത്യന്‍ പദങ്ങളും നിരോധിക്കപ്പെട്ടിരിക്കുകയാണെന്ന്, അന്വോഷണാത്മകവും വാര്‍ത്താപ്രാധാന്യവുമുള്ള വെളിപ്പെടുത്തലുകള്‍ നടത്തുന്ന ‘പ്രൊജക്റ്റ് വെരിത്താസ്’ എന്ന സൈറ്റ് ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്‍റെറസ്റ്റിന്റെ ഉള്ളിലുള്ള ആള്‍ തന്നെയാണ് തങ്ങള്‍ക്ക് ഈ രേഖകള്‍ ചോര്‍ത്തി തന്നതെന്നാണ് പ്രൊജക്റ്റ് വെരിത്താസ് പറയുന്നത്. ഇതോടെ മാസംതോറും മുപ്പതുകോടിയോളം ഉപഭോക്താക്കളുണ്ടെന്ന് അവകാശപ്പെടുന്ന കമ്പനിയുടെ ക്രിസ്ത്യന്‍ വിരുദ്ധത പുറത്തുവന്നിരിക്കുകയാണ്.





'ക്രൈസ്തവ വിരുദ്ധതയ്ക്ക് പുറമേ, ‘ലൈവ്ആക്ഷന്‍.ഓര്‍ഗ്’ എന്ന പ്രോലൈഫ് സംഘടനയെ നിരോധിച്ചിരിക്കുകയാണെന്നും പ്രൊജക്റ്റ് വെരിത്താസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്‍റെറസ്റ്റിന്റെ ‘സെന്‍സിറ്റീവ് പദങ്ങളുടെ പട്ടിക’ അവലോകനം ചെയ്തതില്‍ നിന്നും ‘ബൈബിള്‍ വാക്യങ്ങള്‍’, ‘ക്രിസ്റ്റ്യന്‍ ഈസ്റ്റര്‍’ എന്നീ പദങ്ങള്‍ ‘സുരക്ഷിതമല്ലാത്തവ’ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം പ്രൊജക്റ്റ് വെരിത്താസിന്റെ സ്ഥാപകനായ ജെയിംസ് ഒ’കീഫെ, രേഖകള്‍ ചോര്‍ത്തി നല്‍കിയ വ്യക്തിയുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

എപ്രകാരമാണ് പിന്‍റെറസ്റ്റ്, ക്രിസ്ത്യന്‍ പദങ്ങള്‍ക്ക് തങ്ങളുടെ സെര്‍ച്ച് എഞ്ചിനില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വീഡിയോയില്‍ ഇയാള്‍ വിവരിക്കുന്നു. 'ക്രിസ്റ്റ്യന്‍' എന്ന് ടൈപ് ചെയ്‌താല്‍ ഓട്ടോ-കംബ്ളീറ്റില്‍ നിന്നും ബ്ലോക്ക് ചെയ്തിരിക്കുന്നുവെന്ന സന്ദേശമാണ് ലഭിക്കുക എന്ന് അയാള്‍ വീഡിയോയില്‍ പറയുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സെര്‍ച്ച് ചെയ്യപ്പെടുന്ന മതപരമായ ഉള്ളടക്കങ്ങളുടെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ നിരീക്ഷിക്കപ്പെടാതിരിക്കുവാനാണ് നടപടിയെന്ന മറുപടിയാണ് ലഭിച്ചത്. എന്താണെങ്കിലും നവമാധ്യമങ്ങളില്‍ പിന്‍റെറസ്റ്റ് അവകാശപ്പെട്ടുവരുന്ന ‘നിഷ്പക്ഷത’ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.


Related Articles »