News - 2024

പോളിഷ് ജനതയുടെ പ്രോലൈഫ് റാലിയെ അഭിനന്ദിച്ച് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 14-06-2019 - Friday

വത്തിക്കാന്‍ സിറ്റി: മനുഷ്യജീവന്റെ മൂല്യത്തെ പ്രഘോഷിച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച പോളിഷ് ജനത നടത്തിയ മാര്‍ച്ച് ഫോര്‍ ലൈഫ് പ്രോലൈഫ് റാലിയെ അഭിനന്ദിച്ച് ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ബുധനാഴ്ച വത്തിക്കാന്‍ സ്ക്വയറില്‍ വെച്ച് നടത്തിയ പൊതു അഭിസംബോധനയിലാണ് പാപ്പ പോളണ്ടിലെ പ്രോലൈഫ് റാലിയെ അഭിനന്ദിച്ചത്. പലരും മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പങ്കെടുത്തുവെന്ന് തനിക്ക് അറിയാമെന്നും ഗര്‍ഭാവസ്ഥമുതല്‍ പ്രായമാകുന്നത് വരെ രോഗപീഡകളില്‍ നിന്നും, ദുരിതങ്ങളില്‍ നിന്നും ജീവനെ സംരക്ഷിക്കുവാനും, പരിപാലിക്കുവാനുമാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പ പറഞ്ഞു.

“നിങ്ങളില്‍ പലരും, നിങ്ങളുടെ ആയിരകണക്കിന് സുഹൃത്തുക്കളും മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പങ്കെടുത്തു എന്നെനിക്കറിയാം. ഗര്‍ഭാവസ്ഥമുതല്‍ പ്രായമാകുന്നത് വരെ രോഗപീഡകളില്‍ നിന്നും, ദുരിതങ്ങളില്‍ നിന്നും ജീവനെ സംരക്ഷിക്കുവാനും, പരിപാലിക്കുവാനുമാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. തെറ്റായ കാര്യങ്ങള്‍ക്ക് വേണ്ടി ജീവനോ നശിപ്പിക്കുകയോ, ജീവനെവെച്ച് പരീക്ഷണങ്ങള്‍ നടത്തുകയോ ചെയ്യുന്നത് അനുവദനീയമല്ല. ജീവന്‍ എപ്പോഴും ബഹുമാനിക്കപ്പെടുവാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. എന്റെ പൂര്‍ണ്ണ ഹൃദയത്തോടെ നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും ഞാന്‍ അനുഗ്രഹിക്കുന്നു”. വത്തിക്കാനിലെത്തിയ പോളിഷ് തീര്‍ത്ഥാടകരോട് പാപ്പ പറഞ്ഞത് ഇപ്രകാരമായിരിന്നു. ഞായറാഴ്ച വാര്‍സോയിലും മറ്റ് പോളിഷ് നഗരങ്ങളിലുമായി നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.


Related Articles »