India - 2025

കുരിശുമല തകര്‍ക്കാനുള്ള ശ്രമം അപലപനീയമെന്നു പാഞ്ചാലിമേടിലെ തദ്ദേശവാസികള്‍

സ്വന്തം ലേഖകന്‍ 19-06-2019 - Wednesday

കാഞ്ഞിരപ്പള്ളി: പൂര്‍വ പിതാക്കന്‍മാരില്‍ നിന്നു കൈവശം ലഭിച്ച പാഞ്ചാലിമേട് മരിയന്‍ കുരിശുമല തകര്‍ക്കാനുള്ള ശ്രമം അപലപനീയമെന്നു തദ്ദേശവാസികള്‍. 1956ല്‍ കുരിശുകള്‍ സ്ഥാപിച്ച് കുരിശുമലയായി പ്രഖ്യാപിച്ചതാണ്. ദുഃഖവെള്ളിയാഴ്ചത്തെ പീഡാനുഭവ തിരുക്കര്‍മങ്ങള്‍ക്കുശേഷം വിശ്വാസികള്‍ മരിയന്‍ കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടത്താറുണ്ട്. എതിര്‍വശത്തെ അമ്പലത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ഭൂപരിഷ്കരണ നിയമപ്രകാരം സര്‍ക്കാര്‍ പിടിച്ചെടുത്ത് മിച്ച ഭൂമിയാകുന്നതുവരെ കള്ളിവയലില്‍, കരിമ്പനാല്‍ കുടുംബങ്ങളുടെ കൈവശമായിരുന്നു ഈ സ്ഥലം. സര്‍ക്കാര്‍ സ്ഥലം മിച്ചഭൂമിയാക്കിയതിനുശേഷവും നാളിതുവരെ യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നു. വിശ്വാസ ആചാരങ്ങളെ തകര്‍ക്കാനും മതങ്ങളെ താറടിച്ച് കാണിക്കാനും വേണ്ടിയാണ് ചിലര്‍ ശ്രമിക്കുന്നതെന്ന ആരോപണം പ്രദേശവാസികള്‍ക്ക് ഇടയില്‍ ശക്തമാണ്.

തദ്ദേശവാസികളായ ഹിന്ദുക്കളും ക്രൈസ്തവരും ഉള്‍പ്പെടെയുള്ള എല്ലാ സമുദായക്കാരും ഒരുമിച്ചു ജീവിക്കുന്ന കുടിയേറ്റ പ്രദേശത്ത് ഇവിടവുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളെത്തി നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഇന്നലെ പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ഭുവനേശ്വരി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് കെ.എസ്. സുനില്‍, കെ.ആര്‍. ചന്ദ്രന്‍, ഡിടിപിസി സെക്രട്ടറി ജയന്‍ പി. വിജയന്‍, പഞ്ചായത്ത് സെക്രട്ടറി ടിജോ തോമസ് എന്നിവര്‍ സംയുക്ത പത്ര സമ്മേളനത്തില്‍ പ്രസ്താവിച്ചിരിന്നു.


Related Articles »