India - 2024

വ്യാജപ്രചാരണങ്ങളുടെ മുനയൊടിച്ച് നാട്ടുകാര്‍: പാഞ്ചാലിമേടിന്റെ യഥാര്‍ഥ വസ്തുത ഇങ്ങനെ

20-06-2019 - Thursday

പെരുവന്താനം: പാഞ്ചാലിമേട്ടില്‍ കുരിശുനാട്ടി കൈയേറിയെന്ന മട്ടില്‍ സംഘപരിവാര്‍ സംഘടനകളും ജനം ടിവിയും നടത്തുന്ന വ്യാജപ്രചാരണങ്ങളുടെ മുനയൊടിച്ചു നാട്ടുകാര്‍. ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലം വിവാദത്തിലായ പാഞ്ചാലിമേടിന്റെ യഥാര്‍ഥ വസ്തുതകള്‍ അധികൃതരും ഇതിന്റെ പിന്നില്‍ ഗൂഢശ്രമങ്ങള്‍ നടത്തുന്നവരും തിരിച്ചറിയണമെന്നു തദ്ദേശവാസികള്‍ പറയുന്നത്. ഇന്നലെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല അടക്കം നിരവധി പേര്‍ പാഞ്ചാലിമേടിനെ സമര ഭൂമിയാക്കാന്‍ രംഗത്ത് വന്നിരിന്നു. എന്നാല്‍ വ്യാജവാദങ്ങളുമായി വരുന്നവര്‍ക്കു മുന്നിലേക്കു പാഞ്ചാലിമേടിന്റെ യാഥാര്‍ഥ്യങ്ങള്‍ തുറന്നുകാട്ടുകയാണ് ഇവിടുത്തെ നാനാജാതി മതസ്ഥരായ ജനങ്ങള്‍.

ചരിത്രവും മിച്ചഭൂമിയും

പീരുമേട് താലൂക്കില്‍ പെരുവന്താനം വില്ലേജില്‍പ്പെട്ട പ്രകൃതി രമണീയമായ സ്ഥലമാണ് കണയങ്കവയല്‍ പാഞ്ചാലിമേട്. ഒരു നൂറ്റാണ്ടില്‍ താഴെ മാത്രം ചരിത്രമാണ് ഈ പ്രദേശത്തിനുള്ളതെന്നു പഴമക്കാര്‍ പറയുന്നു. കണയങ്കവയലിലേക്ക് 1945 കാലഘട്ടങ്ങളിലാണ് വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകള്‍ കുടിയേറിയത്. 1954ന് കണയങ്കവയല്‍ സെന്റ് മേരീസ് ഇടവക സ്ഥാപിതമായി. പ്രഥമ വികാരിയായിരുന്ന ഫാ. ജേക്കബ് ഏറത്തേടത്തിന്റെ നേതൃത്വത്തില്‍ 1956ലെ വലിയ നോമ്പു കാലത്തു പാഞ്ചാലിമേട്ടില്‍ ജോസ് എ. കള്ളിവയലില്‍ പള്ളിക്ക് ഇഷ്ടദാനമായി നല്‍കിയ സ്ഥലത്തു കുരിശു സ്ഥാപിച്ചു കുരിശിന്റെ വഴി തുടങ്ങി. അന്നു മുതല്‍ ഇന്നുവരെ യാതൊരു തടസവും കൂടാതെ വിശ്വാസികള്‍ പാഞ്ചാലിമേട് മരിയന്‍ കുരിശുമുടിയിലേക്കു തീര്‍ത്ഥാടനവും കുരിശിന്റെ വഴിയും നടത്തുന്നുണ്ട്. ഇതിനെയാണു കൈയേറ്റമായി ചിത്രീകരിക്കാന്‍ ചില സംഘങ്ങള്‍ ശ്രമിക്കുന്നത്.

ഭൂപരിഷ്‌കരണ നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ 1976ല്‍ ജോസ് എ. കള്ളിവയലിന്റെ സ്ഥലം മിച്ചഭൂമിയായി പിടിച്ചെടുക്കാനുള്ള നിയമനടപടി ആരംഭിച്ചു. 1985-86 കാലഘട്ടത്തില്‍ മിച്ചഭൂമിയായി ഈ സ്ഥലങ്ങള്‍ ഏറ്റെടുത്തതായി പ്രചാരണവും ഉണ്ടായി. എന്നാല്‍, കണയങ്കവയല്‍ പള്ളിയുടെ കൈവശം ഇരുന്ന ഈ സ്ഥലം ഏറ്റെടുത്തതായി യാതൊരു വിവരവും നാളിതുവരെ പള്ളിയെ അറിയിച്ചിട്ടില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഡിടിപിസിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് ഈ സ്ഥലത്തിന്റെ ഉടമസ്ഥതയെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഉടലെടുത്തത്.

അമ്പലം: പഴമക്കാര്‍ പറയുന്നത്

ഇവിടുത്തെ ഹൈന്ദവ വിശ്വാസികള്‍ക്ക് ആരാധന നടത്താനായി ശിവലോകം എന്ന പേരില്‍ കപ്പാലുവേങ്ങയില്‍ ഇപ്പോഴത്തെ പറുദീസാ റിസോര്‍ട്ടിനു സമീപം ഒരു ചെറിയ ഷെഡ് കെട്ടി അന്പലമായി ഉപയോഗിച്ചു തുടങ്ങി. നേതൃത്വം നല്‍കിയത് ലക്ഷ്മണന്‍, ദിവാകരന്‍, നാരായണന്‍ തുടങ്ങിയവരാണ്. പിറ്റേ വര്‍ഷം ഹൈന്ദവ വിശ്വാസികള്‍ ഉത്സവം നടത്തുകയും ചെയ്തു. ചില പ്രത്യേക സാഹചര്യങ്ങളാല്‍ കരിന്പനാല്‍ കുടുംബത്തിന്റെ കൈവശത്തില്‍ നിന്നു പിടിച്ചെടുത്ത മിച്ചഭൂമിയിലെ ഈ സ്ഥലം സുരേന്ദ്രന്‍ എന്ന ആളിന് നല്‍കി പെരുവന്താനം പോലീസ് സ്‌റ്റേഷന്‍ മധ്യസ്ഥതയില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ഇതിനു ശേഷം കുറെ നാളത്തേക്ക് അന്പലം ഈ പ്രദേശത്ത് ഇല്ലായിരുന്നു.

പിന്നീട് 1982ല്‍ ഗോപാലന്‍ മേസ്തിരിയുടെ നേതൃത്വത്തില്‍ ഇപ്പോഴുള്ള ആര്‍ച്ചിനു സമീപം തിരി തെളിക്കാനുള്ള സാഹചര്യം ഒരുക്കി. അതിനുശേഷം 1985കാലഘട്ടത്തില്‍ കൊന്പന്‍പാറ റോഡിന്റെ വലതു വശത്തായി ഒരു പുല്ല് മേഞ്ഞ ഷെഡ് നിര്‍മിച്ചു ഹൈന്ദവര്‍ ഭജന നടത്തി. അഞ്ചു വര്‍ഷത്തിനു ശേഷം കറുകച്ചാലുകാരന്‍ ഗോപാലസ്വാമിയുടെ നേതൃത്വത്തില്‍ വള്ളിയാംകാവ് ക്ഷേത്രത്തില്‍ എത്തിയ ഭക്തര്‍ പാഞ്ചാലിമേട് സന്ദര്‍ശിക്കുകയും ഇപ്പോള്‍ അന്പലം ഇരിക്കുന്ന മലമുകളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും അനുഷ്ഠാനങ്ങള്‍ നടത്തുകയും ചെയ്തു.

പിന്നീട് പഞ്ചാലിമേട്ടിലേക്ക് ആന എഴുന്നള്ളത്തോടു കൂടി ഉത്സവം നടത്തി. എന്നാല്‍, ഉത്സവത്തോടനുബന്ധിച്ച് കപ്പാലുവേങ്ങയില്‍ ഉണ്ടായ ചില പ്രശ്‌നങ്ങള്‍ മൂലം അന്പലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ ആയി. ശേഷം കപ്പാലുവേങ്ങയിലുള്ള വിശ്വാസികളുടെ നേതൃത്വത്തില്‍ അന്പലം ഏറ്റെടുത്തു പ്രവര്‍ത്തനം ആരംഭിച്ചു. 2000ല്‍ നിലവിലുള്ള ചെറിയ അന്പലം നിര്‍മിച്ചു. അന്പലത്തില്‍ പുറത്തുനിന്നുള്ള പൂജാരിമാരുടെ നേതൃത്വത്തില്‍ ആഴ്ചയില്‍ ഒരു ദിവസം പൂജകളും ഉണ്ട്.

2013 കാലഘട്ടത്തില്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ ദേവസ്വം ബോര്‍ഡ് സ്ഥലങ്ങള്‍ ഏറ്റെടുത്തു എന്ന് പറയുകയും 2016 മുതല്‍ അന്പലത്തിന്റെ വിപുലമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്തു. പുല്ല് മേഞ്ഞ ഷെഡ് ഷീറ്റ് ഇടുകയും കിണര്‍ നിര്‍മിക്കുകയും കെഎസ്ഇബി വൈദ്യുതി കണക്ഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ മുറിഞ്ഞപുഴ മതന്പാ റോഡില്‍നിന്നു കൊന്പന്‍പാറ റോഡിന്റെ പ്രവേശന കവാടത്തില്‍ കമാനം നിര്‍മിക്കുകയും ചെയ്തു. 1994, 1998 വര്‍ഷങ്ങളില്‍ ഈ അന്പലം നീക്കം ചെയ്യുന്നതിനു റവന്യു വകുപ്പ് നിര്‍ദേശങ്ങള്‍ നല്‍കിട്ടുള്ളതാണ്.

പാഞ്ചാലിക്കുളം

കള്ളിവയല്‍ക്കാരുടെ കൈയില്‍നിന്നു ഏറ്റെടുത്ത മിച്ചഭൂമിയില്‍പ്പെട്ട സ്ഥലത്താണ് അന്പലമെന്നാണു പഴമക്കാര്‍ പറയുന്നത്. അനര്‍ട്ടിന്റെ നേതൃത്വത്തില്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കുകയും പിന്നീട് ഉപേക്ഷിച്ചു പോയതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ ഉണ്ട്. പാഞ്ചാലിക്കുളം എന്നു പറയുന്നതു കള്ളിവയലില്‍ക്കാരുടെ കന്നുകാലിക്കൂടും എരുമക്കൂടും സ്ഥിതി ചെയ്ത സ്ഥലമാണ്. ഈ കൂടുകളുടെ തറ നികത്തുന്നതിന് ആവശ്യമായ മണ്ണ് കുഴിച്ച് എടുത്തപ്പോള്‍ ഉണ്ടായ കുഴികളില്‍ വെള്ളം സംഭരിച്ചു മൃഗങ്ങളുടെ ആവശ്യത്തിനായി ഉപയോഗിച്ചു പോന്നിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ കാണാം.

ഈ സ്ഥലം മിച്ചഭൂമിയായി ഏറ്റെടുത്ത ശേഷം 1990ല്‍ സര്‍ക്കാരിന്റെ ഇറിഗേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെക്ക്ഡാം നിര്‍മിച്ചു. പിന്നീട് 2000ല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ഉള്ള കുളങ്ങള്‍ വിവിധ പ്രദേശങ്ങളിലേക്ക് ഉള്ള കുടിവെള്ള സ്രോതസായി ഉപയോഗിക്കുന്നുണ്ട്. വസ്തുകള്‍ ഇതായിരിക്കേ മത സൗഹാര്‍ദത്തില്‍ കഴിയുന്ന ഈ നാട്ടില്‍ വര്‍ഗീയ വിഷവിത്തുകള്‍ വിതയ്ക്കാന്‍ ശ്രമിക്കുന്നത് ആരുടെ താത്പര്യത്തിനാണെന്ന് സമരക്കാര്‍ വ്യക്തമാക്കണമെന്ന് തദ്ദേശവാസികള്‍ ആവശ്യപ്പെട്ടു. യഥാര്‍ഥ കൈയേറ്റക്കാര്‍ ആരാണെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇന്നലെ പാഞ്ചാലിമേട്ടിലേക്കു സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ സമരം അപഹാസ്യമാണെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.


Related Articles »