India - 2024

റവ. ഡോ. ജോസ് ചിറേന്മലിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

സ്വന്തം ലേഖകന്‍ 19-06-2019 - Wednesday

കൊച്ചി: ഇന്നലെ അന്തരിച്ച സീറോമലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ഓര്‍ഡിനറി ട്രൈബ്യൂണലിന്റെ പ്രസിഡന്‍റ് റവ. ഡോ. ജോസ് ചിറേന്മലിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. സീറോ മലബാര്‍ സഭയുടെ കൂരിയായില്‍ അഞ്ചു വര്‍ഷം സേവനം ചെയ്ത അദ്ദേഹത്തിന്റെ കാനോനിക വിഷയങ്ങളിലെ വ്യക്തത പ്രശംസനീയമായിരുന്നുവെന്നു സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കുടുംബത്തിനും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള സിനഡല്‍ കമ്മീഷനും വൈദികന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. സഭാനിയമത്തിലുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവ് സഭയുടെ വളര്‍ച്ചയ്ക്കും കുടുംബ നവീകരണത്തിനും അല്മായരെ കരുത്തുറ്റവരാക്കാനും സഹായിച്ചുവെന്നു കമ്മീഷന്‍ ചൂണ്ടികാട്ടി. ജനറല്‍ സെക്രട്ടറി ഫാ. ജോബി മൂലയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സാബു ജോസ് (പ്രോലൈഫ് അപ്പസ്‌തോലേറ്റ്), റോസിലി പോള്‍ തട്ടില്‍ (മാതൃവേദി), അഡ്വ. ജോസ് വിതയത്തില്‍ (ലൈറ്റി ഫോറം), ഫാ. ജിയോ കടവി (എകെസിസി), ഫാ. ഫിലിപ്പ് വട്ടയത്തില്‍ (കുടുംബ പ്രേഷിതത്വം), ഫാ. ലോറന്‍സ് തൈക്കാട്ടില്‍ (കുടുംബ കൂട്ടായ്മ) തുടങ്ങിയവര്‍ പ്രസംഗിച്ചു.

റവ. ഡോ. ചിറമേലിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരം 4.30നു സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തിച്ചു. ചാപ്പലില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന പ്രാര്‍ത്ഥനാശൂശ്രൂഷകളില്‍ കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, സിഎംഐ പ്രിയോര്‍ ജനറല്‍ റവ.ഡോ. പോള്‍ ആച്ചാണ്ടി, സിഎസ്ടി സുപ്പീരിയര്‍ ജനറല്‍ ഫാ. ഫ്രാന്‍സിസ് കിളിവള്ളിക്കാട്ട്, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കൂരിയ വൈസ് ചാന്‍സലര്‍ റവ.ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂരിയയിലെ വൈദികര്‍, സമര്‍പ്പിതര്‍, അല്മായര്‍ എന്നിവരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. പൊതുദര്‍ശനത്തിനുശേഷം മൃതദേഹം വിലാപയാത്രയായി മഞ്ഞപ്രയിലുള്ള വസതിയിലേക്കു കൊണ്ടുപോയി. സഭാ കാര്യാലയത്തിലെ വൈദികരും സമര്‍പ്പിതരും വിലാപയാത്രയില്‍ മൃതദേഹത്തെ അനുഗമിച്ചു. മൃതസംസ്കാരം ഇന്ന്‍ നടക്കും.


Related Articles »