News - 2024

ഫാ. ഡൊമിനിക് വളന്മനാലിനെ തട്ടിക്കൊണ്ടുപോയതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം

സ്വന്തം ലേഖകന്‍ 20-06-2019 - Thursday

കൊച്ചി: ലോകപ്രശസ്ത വചനപ്രഘോഷകൻ ഫാ. ഡൊമിനിക് വളന്മനാലിനെ തട്ടിക്കൊണ്ടുപോയതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം. ഇന്ന് രാവിലെ മുതലാണ് വാട്സ്ആപ്പിലും മറ്റും ഇത്തരത്തിൽ പ്രചരണം ആരംഭിച്ചത്. പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ലായെന്നു അണക്കര മരിയൻ ധ്യാനകേന്ദ്രം വ്യക്തമാക്കി.

നിലവിൽ ആഫ്രിക്കയിലാണ് ഫാ. ഡൊമിനിക്ക് വചന പ്രഘോഷണ ദൗത്യം തുടരുന്നത്. പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലായെന്നും ഫാ. ഡൊമിനിക്ക് രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കലുമായി സംസാരിച്ചെന്നും കാഞ്ഞിരപ്പള്ളി രൂപതയും വ്യക്തമാക്കിയിട്ടുണ്ട്. ഫാ. ഡൊമിനിക് വാളന്മനാൽ ദക്ഷിണാഫ്രിക്കയിലെ ധ്യാനപരിപാടികൾ പൂർത്തിയാക്കി ഇപ്പോൾ തുർക്കിയിലെ ഈസ്താംബൂളിൽ ധ്യാനപരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. അത് പൂർത്തിയാക്കി അദ്ദേഹം വൈകാതെ നാട്ടിലേക്ക് മടങ്ങുമെന്നും രൂപതാകേന്ദ്രം അറിയിച്ചു.

ദൈവത്തിന്റെ കരുണയെപ്പറ്റി ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രഘോഷിച്ച വൈദികരിൽ ഒരാളാണ് ഭാരതസഭയുടെ അഭിമാനമായ ഫാ. ഡൊമിനിക് വളന്മനാൽ. പാപത്തിന്റെ വലിപ്പം നോക്കാതെ ദൈവം ഓരോ മനുഷ്യന്റെ മേലും ചൊരിയുന്ന അനന്തമായ കരുണയെപ്പറ്റി നിരന്തരം പ്രഘോഷിക്കുന്ന അദ്ദേഹത്തിന്റെ ശുശ്രൂഷകളിലുടനീളം ധാരാളം മാനസാന്തരങ്ങളും, പ്രകടമായ അത്ഭുതങ്ങളും, അടയാളങ്ങളുമാണ് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നത്.

പിശാച് അലറിവിളിച്ചുകൊണ്ട് ചില വ്യക്തികളെ വിട്ടുപോകുന്നത് അദ്ദേഹത്തിന്റെ ശുശ്രൂഷകളിൽ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് കുറേക്കാലമായി ചില വ്യക്തികളെയും നിരീശ്വരവാദ ഗ്രൂപ്പുകളെയും അസ്വസ്ഥപ്പെടുത്തിയിരുന്നു. ഇത്തരം ഗ്രൂപ്പുകളായിരിക്കാം ഈ വ്യാജപ്രചാരണത്തിനു പിന്നിൽ എന്നു സംശയിക്കുന്നു.


Related Articles »