News - 2024
അബ്രഹാമിന്റെ ജന്മദേശത്തേക്ക് പാപ്പക്ക് സ്വാഗതം: ഔദ്യോഗിക കത്ത് പ്രസിഡന്റ് കൈമാറി
സ്വന്തം ലേഖകന്‍ 22-06-2019 - Saturday
ബാഗ്ദാദ്: ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിന് ഒടുവില്‍ യുദ്ധത്തിന്റെ കെടുതികളില്‍ നിന്നും കരകയറുന്ന ഇറാഖിലേക്ക് ഫ്രാന്‍സിസ് പാപ്പയെ ക്ഷണിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്ത് കൈമാറി. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇറാഖി പ്രസിഡന്റ് ബര്‍ഹാം സാലി, കല്‍ദായ സഭയുടെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ലൂയിസ് റാഫേല്‍ സാകോക്കാണ് കത്ത് കൈമാറിയത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ നാലു വര്‍ഷത്തെ അധിനിവേശത്തില്‍ നിന്നും മതപീഡനങ്ങളില്‍ നിന്നും കരകയറുന്ന ഇറാഖി ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനം വലിയ ആശ്വാസമായിരിക്കുമെന്ന് സാലിയുടെ കത്തില്‍ സൂചിപ്പിക്കുന്നു.
വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ ജന്മദേശവും, സംസ്കാരത്തിന്റെ പിള്ളത്തൊട്ടിലുമായ ഇറാഖിലേക്കുള്ള പാപ്പയുടെ സന്ദര്‍ശനം ഒരു നാഴികകല്ലായിരിക്കും. മതസൌഹാര്‍ദ്ദമുള്ള ഇറാഖിനെ കുറിച്ച് ലോകത്തെ ഓര്‍മ്മിപ്പിക്കുവാനുള്ള ഏറ്റവും നല്ല അവസരമായിരിക്കും പരിശുദ്ധ പിതാവിന്റെ സന്ദര്‍ശനമെന്നും സാലിയുടെ കത്തിലുണ്ട്. രാജ്യത്തെ ക്രിസ്ത്യാനികള്‍ മാത്രമല്ല മുസ്ലീങ്ങളും, യസീദികളും സമാധാനപരമായ നല്ലൊരു ഭാവി സ്വപ്നം കാണുന്ന എല്ലാ വിശ്വാസികളും പാപ്പ ഇറാഖില്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.
ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ പീസ് പാലസില്‍വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ബാഗ്ദാദിലെ സഹായ മെത്രാനായ മോണ്‍. ബസില്‍ യാല്‍ദോയും കര്‍ദ്ദിനാള്‍ സാകോക്കൊപ്പമുണ്ടായിരുന്നു. പരിശുദ്ധ പിതാവിനെ ഇറാഖിലേക്ക് ക്ഷണിക്കുവാന്‍ കഴിഞ്ഞതില്‍ കൃതാര്‍ത്ഥനാണെന്ന് കത്ത് കൈമാറുന്ന വേളയില്‍ പ്രസിഡന്‍റ് പറഞ്ഞു. പാപ്പക്കുള്ള ക്ഷണത്തിന് കര്‍ദ്ദിനാള്‍ സാകോ പ്രസിഡന്റിന് നന്ദി അറിയിച്ചു. ഇറാഖ് സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ജൂണ്‍ ആദ്യവാരത്തില്‍ സന്നദ്ധത അറിയിച്ചിരിന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം ഫ്രാന്‍സിസ് പാപ്പ ഇറാഖ് സന്ദര്‍ശിച്ചേക്കുമെന്നാണ് പ്രതീക്ഷ.