News - 2025
ഗവണ്‍മെന്റ് യോഗത്തില്‍ സാത്താന്‍ സ്തുതി: വ്യാപക പ്രതിഷേധം, ഇറങ്ങിപ്പോക്ക്
സ്വന്തം ലേഖകന്‍ 25-06-2019 - Tuesday
അലാസ്ക: അമേരിക്കന്‍ സംസ്ഥാനമായ അലാസ്കയിലെ പ്രാദേശിക ഗവണ്‍മെന്റ് യോഗം സാത്താന്‍ സ്തുതികളോടെ ആരംഭിച്ചതിനെതിരെ പ്രതിഷേധവും ഇറങ്ങിപ്പോക്കും. സ്വയംഭരണാധികാരമുള്ള കെനായി ഉപദ്വീപ് മേഖലയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച കൂടിയ പ്രാദേശിക അസ്സംബ്ലി യോഗത്തിലാണ് സാത്താനിക് ടെമ്പിള്‍ എന്ന സംഘടനയിലെ അംഗമായ ഐറിസ് ഫോണ്ടാന സാത്താന്‍ സ്തുതി നടത്തിയത്. സര്‍ക്കാര്‍ യോഗങ്ങളില്‍ ആര്‍ക്ക് വേണമെങ്കിലും എന്ത് നാമത്തിലും പ്രാരംഭ പ്രാര്‍ത്ഥന നടത്തുവാനുള്ള കെനായി ഉപദ്വീപ് മേഖലയുടെ നയമാണ് ഗവണ്‍മെന്റ് യോഗത്തില്‍ പരസ്യമായി സാത്താനെ സ്തുതിക്കുവാന്‍ ഫോണ്ടാന അവസരമാക്കി മാറ്റിയത്.
എന്നാല്‍ നാല്‍പ്പതോളം അംഗങ്ങളാണ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. “സാത്താനേയും അവന്റെ പ്രവര്‍ത്തനങ്ങളേയും നിരോധിക്കുക”, “യേശുവിനേയും അവന്റെ സ്നേഹത്തേയും അറിയുക” എന്നിങ്ങനെയെഴുതിയ പ്ലക്കാര്‍ഡുകളും പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. മേയറായ ചാര്‍ളി പിയേഴ്സ്, അസ്സംബ്ലി അംഗങ്ങളായ നോം ബ്ലേക്ക്ലി, പോള്‍ ഫിഷര്‍ തുടങ്ങിയവരും നിരവധി ശ്രോതാക്കളും യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. സാത്താന്‍ സ്തുതി ഗീതങ്ങള്‍ നടത്തുമെന്ന സൂചനയെ തുടര്‍ന്നു യോഗം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ഡിഫന്‍സ് ഓഫ് ട്രഡീഷന്‍, ഫാമിലി, പ്രോപ്പര്‍ട്ടി എന്ന കത്തോലിക്കാ സംഘടന പരിപാടി റദ്ദാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
പൊതുനന്മക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ സ്ഥാപനത്തില്‍ സാത്താന്റെ പ്രതിനിധിക്ക് എങ്ങനെ അനുവാദം കിട്ടിയെന്നാണ് സംഘടന സമര്‍പ്പിച്ച ഇരുപത്തിആറായിരത്തോളം പേര്‍ ഒപ്പിട്ട പരാതിയില്‍ ചോദിക്കുന്നത്. അമേരിക്കയില്‍ സാത്താന്‍ ആരാധകര്‍ ഇതുപോലെയുള്ള പരസ്യ പ്രകടങ്ങള്‍ക്ക് ഇതിനു മുന്‍പും മുതിര്‍ന്നിട്ടുണ്ട്. നികുതി ഇളവ് ആവശ്യപ്പെട്ടതും, ഇല്ലിനോയിസ് സ്റ്റേറ്റ് ഹൗസിലെ സ്നേക്കിറ്റിവിറ്റി പ്രദര്‍ശനവും അവയില്‍ ഉള്‍പ്പെടുന്നു. പബ്ലിക് സ്കൂളുകളിലെ ഗുഡ്ന്യൂസ് ക്ലബ്ബുകള്‍ക്ക് ബദലായി മൂന്നു വര്‍ഷം മുന്‍പ് ആഫ്റ്റര്‍ സ്കൂള്‍ സാത്താന്‍ ക്ലബ്ബുകള്‍ക്കും സാത്താന്‍ ആരാധകര്‍ ആഹ്വാനം നല്‍കിയിരിന്നു.
