News - 2024
ധാര്‍മ്മിക മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ തെരുവില്‍ റാലിയുമായി ഇക്വഡോര്‍ ജനത
സ്വന്തം ലേഖകന്‍ 26-06-2019 - Wednesday
ഗുയാഗ്വില്‍: ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗ വിവാഹം തുടങ്ങിയ തിന്മകള്‍ക്കെതിരെ സ്വരമുയര്‍ത്തിക്കൊണ്ട് ദക്ഷിണ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ പതിനായിരങ്ങളുടെ റാലി. ജീവനെയും കുടുംബമൂല്യങ്ങളെയും സംരക്ഷിക്കണം എന്ന മുദ്രാവാക്യവുമായി ജൂൺ 22നു ഇക്വഡോറിലെ ഗുയാഗ്വിലില്‍ നടന്ന റാലിയില്‍ ഒരു ലക്ഷത്തോളം ആളുകളാണ് അണിചേര്‍ന്നത്. ഗുയാഗ്വില്‍ ഫാമിലി നെറ്റ്വര്‍ക്ക്, ഇക്വഡോര്‍ ഫോര്‍ ദി ഫാമിലി, ലോയേഴ്സ് ഫോര്‍ ലൈഫ്, നാഷ്ണല്‍ ഫ്രണ്ട് ഫോര്‍ ദി ഫാമിലി തുടങ്ങിയ വിവിധ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്.
വിവാഹം സ്ത്രീയും പുരുഷനും തമ്മിലുള്ളതാകണം എന്ന അലിഖിത നിയമത്തെ മറികടന്ന് സ്വവർഗ്ഗവിവാഹത്തെ നിയമാനുസൃതമാക്കുവാൻ നടത്തുന്ന നീക്കത്തെയും ഗർഭഛിദ്രം അനുവദിക്കുവാനുള്ള ശ്രമത്തെയും ശക്തമായി എതിര്‍ക്കുമെന്ന് സംഘടന ഭാരവാഹികള്‍ തുറന്നു പറഞ്ഞു. വരുന്ന ശനിയാഴ്ച ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോയില്‍ മറ്റൊരു റാലി കൂടി സംഘടിപ്പിക്കാന്‍ ഭാരവാഹികള്‍ തീരുമാനിച്ചിട്ടുണ്ട്.