News - 2024

ന്യൂസിലൻഡിൽ ദയാവധത്തിനെതിരെ ആയിരത്തിലധികം ഡോക്ടർമാർ രംഗത്ത്

സ്വന്തം ലേഖകന്‍ 27-06-2019 - Thursday

വെല്ലിംഗ്ടൻ: ന്യൂസിലൻഡിൽ ദയാവധ നിയമം പാസാക്കാൻ ശ്രമം നടക്കുന്നതിനിടെ തങ്ങൾ ദയാവധത്തിന് കൂട്ടുനിൽക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് 1085 ഡോക്ടർമാർ പൊതുജനങ്ങൾക്ക് എഴുതിയ കത്തിൽ ഒപ്പിട്ടു. ദയാവധത്തിനെതിരെ നിലകൊള്ളുന്ന കെയർ അലയൻസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഡോക്ടർമാർ കത്ത് തയാറാക്കിയിട്ടുണ്ട്. "ദി എൻഡ് ഓഫ് ലൈഫ് ചോയ്സ് ബില്ല്" എന്ന് പേരിട്ടിരിക്കുന്ന ബില്ല് 2017 ലാണ് അതിന്റെ ആദ്യ കടമ്പ കടന്നത്. രണ്ടാമത്തെ സ്റ്റേജും പിന്നിട്ട ബില്ല് ഇനി ഒരു കടമ്പയും കൂടി കടന്നാൽ നിയമമായി മാറും.

ഈ സാഹചര്യത്തിലാണ് ഡോക്ടർമാർ ഒന്നടങ്കം രംഗത്തെത്തിയിരിക്കുന്നത്. ഡോക്ടറുടെ സഹായത്തോടുകൂടി യുള്ള മരണവും, ദയാവധവും അധാർമികമാണ് എന്ന് നിലപാടുള്ള വേൾഡ് മെഡിക്കൽ അസോസിയേഷന്റെയും, ന്യൂസിലൻഡ് മെഡിക്കൽ അസോസിയേഷന്റെയും വീക്ഷണങ്ങളോട് ഒപ്പമാണ് തങ്ങളെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഡോക്ടർമാർ അവരുടെ രോഗികളെ കൊല്ലുവാനായി തുടങ്ങിയാൽ, ഡോക്ടർമാർക്ക് രോഗികളുമായുള്ള ബന്ധം ദുർബലമാകുമെന്നും അവർ പറഞ്ഞു. ജനപ്രതിനിധികൾ ദയാവധ ബില്ലിൽ ഒപ്പിട്ടാൽ അതു തന്റെ ജോലിയെ തന്നെ തകർക്കുമെന്ന് കെയർ അലയൻസ് സംഘടനയിലെ അംഗമായ ഡോ. സിനിയാഡ് ഡോണെല്ലി പറഞ്ഞു.

ഡോക്ടർമാർ എന്ന നിലയിൽ, തങ്ങൾക്ക് അതിന്റെ ഭാഗം ആകേണ്ടന്നും സിനിയാഡ് ഡോണെല്ലി കൂട്ടിച്ചേർത്തു. ദയാവധം നിയമം നടപ്പിലായാൽ, ഡോക്ടർമാരെ അതിൽ നിന്ന് ഒഴിവാക്കാൻ തങ്ങൾ ഇടപെടുമെന്ന് ന്യൂസിലൻഡ് മെഡിക്കൽ അസോസിയേഷന്റെ അധ്യക്ഷ പദവിയിലിരിക്കുന്ന ഡോക്ടർ കേറ്റ് ബഡോക്ക് പറഞ്ഞു. അസോസിയേഷനിലെ അയ്യായിരത്തിലധികം ഡോക്ടർമാർ ദയാവധത്തിനെ എതിർക്കുന്നവരാണെന്നും കേറ്റ് ബഡോക്ക് വ്യക്തമാക്കി.


Related Articles »