India - 2024

മാര്‍ ജോസഫ് പവ്വത്തിലിന് മാര്‍ത്തോമ്മ പുരസ്‌കാരം

സ്വന്തം ലേഖകന്‍ 29-06-2019 - Saturday

ചങ്ങനാശേരി: ഉന്നത ദൈവശാസ്ത്രപഠന കേന്ദ്രമായ ചങ്ങനാശേരി മാര്‍ത്തോമ്മ വിദ്യാനികേതന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മാര്‍ത്തോമ്മ പുരസ്‌കാരത്തിന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അര്‍ഹനായി. കാഞ്ഞിരപ്പള്ളി സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, ഡോ.പി.സി.അനിയന്‍കുഞ്ഞ്, ജോജി ചിറയില്‍ എന്നിവരടങ്ങിയ വിദഗ്ധസമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഭാരതീയവും പൗരസ്ത്യവുമായ ക്രിസ്തീയ പൈതൃകത്തിന്റെ പരിപോഷണാര്‍ഥം നിസ്തുല സംഭാവനകളര്‍പ്പിച്ചവരെ ആദരിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് മാര്‍ത്തോമ്മ പുരസ്‌കാരം.

ജൂലൈ മൂന്നിനു രാവിലെ പത്തിനു മാര്‍ത്തോമ്മ വിദ്യാനികേതന്‍ ഹാളില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ മാര്‍ ജോസഫ് പെരുന്തോട്ടം അവാര്‍ഡ് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്. സാര്‍വത്രിക കത്തോലിക്കസഭാ കൂട്ടായ്മയില്‍ സീറോ മലബാര്‍ സഭയുടെ പൈതൃക സംരക്ഷണത്തിന് ഈടുറ്റ നേതൃത്വം നല്കിയ മേലധ്യക്ഷനാണ് മാര്‍ പവ്വത്തിലെന്ന് അവാര്‍ഡ് നിര്‍ണയസമിതി ചൂണ്ടിക്കാട്ടി.


Related Articles »