News

ക്രിസ്ത്യാനിയുടെ ജീവന് മൃഗങ്ങളുടെ പോലും വിലയില്ലാതായി മാറുന്നുവോ ഈ രാജ്യത്ത്? പശുവിന്റെ പേരില്‍ കത്തോലിക്കാ യുവാവിന്റെ കൊലപാതകം: അന്വേഷണം നടത്താതെ പോലീസ്

സ്വന്തം ലേഖകന്‍ 04-07-2019 - Thursday

ന്യൂഡല്‍ഹി: പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടകൊലപാതകങ്ങളുടെ പേരില്‍ ആഗോളതലത്തില്‍ നാണം കെട്ടിരിക്കുന്ന ഇന്ത്യയില്‍ രമേഷ് മിഞ്ച് എന്ന ജാര്‍ഖണ്ഡ് സ്വദേശി പശുവിന്റെ പേരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ടതിനെക്കുറിച്ച് രണ്ടുവര്‍ഷം ആയിട്ടും യാതൊരു അന്വേഷണവും നടക്കുന്നില്ല എന്ന ആരോപണം ശക്തം. രമേഷിന്റെ കുടുംബത്തിന് ഇതുവരെ നീതി ലഭിച്ചില്ലെന്ന് ഓള്‍ ഇന്ത്യ ക്രിസ്റ്റ്യന്‍ കൗണ്‍സിലിന്റെ സെക്രട്ടറി ജെനറലായ ജോണ്‍ ദയാല്‍ ആരോപിച്ചു.

ജാര്‍ഖണ്ടിലെ പാലമു ജില്ലയിലെ ടിങ്കാരു സ്വദേശിയും കത്തോലിക്കാ വിശ്വാസിയുമായ രമേഷ് മിഞ്ച് എന്ന 37 കാരനായ ഗോത്രവംശജനെ 2017 ഓഗസ്റ്റ് മാസത്തിലാണ് 120-ഓളം വരുന്ന ഹിന്ദുത്വവാദികള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. എരുമയെ കൊലപ്പെടുത്തി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. അറസ്റ്റിലായ രമേഷ് ജെയിലില്‍ വെച്ച് മരിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ ഭാര്യയായ അനിതക്ക് രമേഷിനെ കാണുവാന്‍ സാധിച്ചിരുന്നു. കാലില്‍ മുറിവും, ശരീരം മുഴുവനും മര്‍ദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നുവെന്നാണ് അനിത പറയുന്നത്.

രമേഷിന്റെ കൊലപാതകം ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനങ്ങളില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ഏഷ്യാന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജോണ്‍ ദയാല്‍ പറഞ്ഞു. ഈ കൊലപാതകത്തിന്റെ പേരില്‍ 17 പേര്‍ക്കെതിരെ പോലീസ് കേസെടുത്തുവെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. രമേഷിന്റെ കാര്യത്തില്‍ പോലീസ് ഒത്തുകളിക്കുകയാണെന്നാണ് ജോണ്‍ ദയാല്‍ പറയുന്നത്.

പശുവിന്റെ പേരിൽ മനുഷ്യനെ ക്രൂരമായി കൊലചെയുന്നത് ഇന്ത്യയില്‍ തുടര്‍ക്കഥയായി മാറിയിരിക്കുന്നു. നിരവധി മുസ്ലീങ്ങളാണ് ഇപ്രകാരം സംഘപരിവാര്‍ സംഘടനകളുടെ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുള്ളത്. ജാര്‍ഖണ്ടില്‍ തന്നെ തബ്രീസ് അന്‍സാരി എന്ന 24 കാരനായ മുസ്ലീം യുവാവിനെ ഗോസംരക്ഷകര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇത് മുസ്ലീങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും, ക്രമേണ ഇത് ദളിതരേയും, ക്രിസ്ത്യാനികളേയും, സകല മതസ്ഥരേയും ബാധിക്കുമെന്നും ദയാല്‍ പറയുന്നു. രമേഷിന്റെ മരണം ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഒരു ഓര്‍മ്മപ്പെടുത്തലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Related Articles »