News - 2025

ബുർക്കിന ഫാസോയിൽ രണ്ട് കത്തോലിക്ക വിശ്വാസ പരിശീലകര്‍ കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 12-02-2025 - Wednesday

ഔഗാഡൗഗൗ: ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ ബുർക്കിന ഫാസോയിൽ രണ്ട് കത്തോലിക്ക വിശ്വാസ പരിശീലകര്‍ കൊല്ലപ്പെട്ടു. വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെ രണ്ട് മതബോധന അധ്യാപകരെ ആയുധധാരികൾ ക്രൂരമായി കൊലപ്പെടുത്തുകയായിരിന്നുവെന്ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് അറിയിച്ചു. ഡെഡൂഗോ രൂപതയിലെ ബോണ്ടോകുയിയ്ക്കു സമീപമാണ് ആക്രമണം നടന്നതെന്ന് പ്രദേശവാസി എയിഡ് ടു ദ ചർച്ച് ഇൻ നീഡിനോട് (എസിഎൻ) പറഞ്ഞു. നാല് വിശ്വാസ പരിശീലകര്‍ ഒരുമിച്ച് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നുവെന്നും എന്നാൽ അവരിൽ രണ്ട് പേർ അക്രമികളിൽ നിന്ന് അടുത്തുള്ള വനത്തിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനുവരി 25 ന് നടന്ന സംഭവം ദിവസങ്ങള്‍ക്ക് ശേഷമാണ് പുറംലോകം അറിയുന്നത്. ഇതേ സ്ഥലത്ത് നടന്ന നാലാമത്തെ കൊലപാതകമാണിതെന്ന് ബോണ്ടോകുയ് പോലീസ് കമ്മീഷണർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍റര്‍നാഷ്ണൽ റെസ്ക്യൂ കമ്മിറ്റിയുടെ റിപ്പോർട്ടുകൾ പ്രകാരം, രാജ്യ തലസ്ഥാനമായ ഔഗാഡൗഗൗവിന് ചുറ്റുമുള്ള മധ്യ പ്രദേശം ഒഴികെ, ബുർക്കിനാ ഫാസോയുടെ ഭൂരിഭാഗവും അക്രമാസക്തമായിക്കൊണ്ടിരിക്കുകയാണ്. രണ്ട് ദശലക്ഷത്തിലധികം ആളുകൾ വീടുകളിൽ നിന്ന് പലായനം ചെയ്യാന്‍ നിർബന്ധിതരായി. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന കുടിയിറക്കൽ പ്രതിസന്ധികളിലൊന്നായാണ് ഇതിനെ പൊതുവേ വിശേഷിപ്പിക്കുന്നത്.

പ്രതിസന്ധികളുടെ നടുവിലും വൈദികർക്ക് സ്‌റ്റൈപ്പൻഡുകളും കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് അടിയന്തര സഹായം, ഭക്ഷണം, മരുന്ന്, മാനസിക സഹായം എന്നിവയും ബുർക്കിന ഫാസോയിൽ സെമിനാരി വിദ്യാര്‍ത്ഥികളുടെ രൂപീകരണത്തെ പിന്തുണയ്‌ക്കുന്ന ഒട്ടനവധി പദ്ധതികളും എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് സംഘടന നിര്‍വ്വഹിച്ചു വരുന്നുണ്ട്. ക്രിസ്ത്യാനിയായി ജീവിക്കുന്നതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ഡോഴ്സിന്റെ പട്ടികയില്‍ ഇരുപതാമതാണ് ബുര്‍ക്കിനാഫാസോയുടെ സ്ഥാനം.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



Related Articles »