News - 2025
കാലിഫോർണിയയിലെ വിവാദ കുമ്പസാര ബില്ല് പിൻവലിച്ചു
സ്വന്തം ലേഖകന്‍ 10-07-2019 - Wednesday
കാലിഫോർണിയ: അമേരിക്കയില്‍ ഏറെ വിവാദത്തിന് വഴി തെളിയിച്ച കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന് അനുശാസിക്കുന്ന സെനറ്റ് ബിൽ പിന്‍വലിച്ചു. വൈദികർ കുമ്പസാര രഹസ്യങ്ങൾ വെളിപ്പെടുത്താൻ നിർബന്ധിക്കുന്ന 360 എന്ന് പേരിട്ടിരുന്ന ബില്ല് അവതരിപ്പിക്കാന്‍ മുൻകൈയ്യെടുത്ത ഡെമോക്രാറ്റിക് പാർട്ടിയുടെ സെനറ്റർ ജെറി ഹിൽ തന്നെയാണ് ബില്ല് പിൻവലിച്ചതും. കാലിഫോർണിയ അസംബ്ലിയുടെ പബ്ലിക് സേഫ്റ്റി കമ്മറ്റിയിൽ ജൂലൈ ഒൻപതാം തീയതി ബില്ലിൻ മേലുള്ള ചർച്ച നടക്കാനിരിക്കെയാണ് അപ്രതീക്ഷിതമായ നടപടി ഉണ്ടായത്. ബില്ല് നിയമമായാൽ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഒന്നാം ഭരണഘടന ഭേദഗതിക്ക് വിരുദ്ധമാകുമോ എന്ന സംശയം ജൂലൈ എട്ടാം തീയതി പുറത്തിറക്കിയ റിപ്പോർട്ടിൽ പബ്ലിക് സേഫ്റ്റി കമ്മറ്റി ഉന്നയിച്ചിരുന്നു.
മെയ് മാസം വലിയ ഭൂരിപക്ഷത്തിലാണ് ബില്ല് സെനറ്റിൽ പാസ്സായത്. ബില്ലിനെതിരെ വൻ ജനകീയ പ്രക്ഷോഭവും ഉയർന്നിരുന്നു. ഏതാണ്ട് ഒരു ലക്ഷത്തോളം കത്തോലിക്കർ ബില്ല് നിയമമാക്കുന്നതിനെതിരെ കത്തയച്ചു. താനും വൈദികരും നിയമം പ്രാബല്യത്തിലായാൽ അതിനനുസരിച്ച് പ്രവർത്തിക്കുകയില്ലെന്ന് നേരത്തെ ഓക്‌ലൻഡ് രൂപതയുടെ ബിഷപ്പ് മൈക്കിൾ ബാർബർ വ്യക്തമാക്കിയിരുന്നു. മതസ്വാതന്ത്ര്യത്തിന് എതിരെയുള്ള ആക്രമണം അനുസരിക്കുന്നതിലും മുൻപ് താൻ ജയിലിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു. ബില്ല് പിൻവലിക്കാനുള്ള തീരുമാനത്തെ ലോസ് ആഞ്ചലസ് അതിരൂപതയുടെ ആർച്ച് ബിഷപ്പ് ജോസ് ഗോമസ് സ്വാഗതം ചെയ്തു.
