News - 2024

തെക്കൻ സുഡാന് സഹായഹസ്തവുമായി ഇറ്റാലിയൻ മെത്രാൻ സമിതി

സ്വന്തം ലേഖകന്‍ 11-07-2019 - Thursday

റോം: തെക്കൻ സുഡാനിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇറ്റാലിയൻ മെത്രാൻ സമിതി പത്തു ലക്ഷം യൂറോ അനുവദിച്ചു. ചൊവ്വാഴ്ച നടന്ന മെത്രാൻ സമിതി സമ്മേളനത്തിലാണ് തുക വകയിരുത്തിയത്. സുഡാനിലെ അടിയന്തിര പ്രവര്‍ത്തനങ്ങൾക്കും സാധാരണക്കാര്‍ക്കുള്ള വരുമാന മാർഗങ്ങൾക്കും പുനർനിർമാണത്തിനുമായി തുടർച്ചയായി നാലാം വർഷമാണ് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ സഹായം. ഇറ്റാലിയൻ നിയമപ്രകാരം നികുതി മതസ്ഥാപനങ്ങൾക്കോ സാമൂഹികപദ്ധതികൾക്കോ നൽകണമെന്ന വ്യവസ്ഥയനുസരിച്ചു ലഭിക്കുന്ന പണമാണ് സഭയുടെ ആരാധന ശുശ്രുഷകൾക്കും ഇടവക പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നത്.

സ്വാതന്ത്ര്യം ലഭിച്ചു എട്ടു വർഷങ്ങൾക്കു ശേഷവും അതിരൂക്ഷമായ പ്രതിസന്ധികളിടെ കടന്നുപോകുന്ന ലോകരാജ്യങ്ങളിൽ ഒന്നാണ് തെക്കൻ സുഡാൻ. എഴുപതു ലക്ഷം ജനങ്ങൾ രാജ്യത്തു ഭക്ഷ്യ ക്ഷാമം നേരിടുബോൾ രണ്ട് ലക്ഷത്തോളം പൗരന്മാർ രാജ്യത്തു അഭയാർഥികളായി തുടരുന്നു. സമീപരാഷ്ട്രങ്ങളിൽ അഭയം തേടിവരും അനവധിയാണ് . സമാധാന ശ്രമങ്ങൾ തുടരുന്ന സാഹചര്യത്തിലും മിലിട്ടറിയുടെയും ഭരണകൂടത്തിന്റെയും ആക്രമണങ്ങൾ പൗരന്മാർക്കു നേരെ നടക്കുന്നതായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു. രാജ്യത്തെ നേതാക്കളുമായി ഈ വർഷം ഏപ്രിലിൽ മാർപാപ്പ നടത്തിയ സംഭാഷണത്തിൽ യുദ്ധക്കെടുതികൾ അവസാനിപ്പിക്കുന്നതിനും രാഷ്ട്രിയ-വംശീയ വേർതിരിവുകളില്ലാതെ രാജ്യം ഒറ്റകെട്ടായി മുന്നോട്ടു പോകുന്നതിനു എല്ലാവരും ഉദ്യമിക്കണമെന്നു ആവശ്യപ്പെട്ടിരുന്നു.


Related Articles »