News - 2024

വിൻസന്റ് ലാംബർട്ടിന് കണ്ണീരോടെ വിട, രക്തസാക്ഷിയെന്ന് കര്‍ദ്ദിനാള്‍ സാറ

സ്വന്തം ലേഖകന്‍ 12-07-2019 - Friday

പാരീസ്‌: ഒരു പതിറ്റാണ്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ ഭക്ഷണം നൽകാതെ ദയാവധത്തിന് വിധേയനാക്കാൻ ഫ്രഞ്ച് കോടതി വിധി പ്രസ്താവം നടത്തിയ വിൻസന്റ് ലാംബർട്ട് ഒടുവില്‍ നിത്യതയിലേക്ക് യാത്രയായി. നാല്‍പത്തിരണ്ടുകാരനായ വിന്‍സെന്റ് 2008-ല്‍ നടന്ന ഒരു വാഹനാപകടത്തിലാണ് അബോധാവസ്ഥയിലായത്. ജീവന്‍ ഏതുവിധേനയും നിലനിര്‍ത്തണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ കത്തോലിക്കാ വിശ്വാസികളായ മാതാപിതാക്കള്‍ പോരാടുകയായിരിന്നു. എന്നാൽ കഴിഞ്ഞ ആഴ്ച ഫ്രാൻസിലെ പരമോന്നത കോടതി വിൻസന്റ് ലാംബർട്ടിനെ മരണത്തിലേക്ക് തള്ളി വിടാൻ ഉത്തരവിടുകയായിരുന്നു.

ഭക്ഷണം നൽകാതെ ദയാവധത്തിനു വിധേയനാക്കാൻ വന്‍ ലോബികൾ നടത്തിയ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ആഗോള തലത്തില്‍ ഉയര്‍ന്നത്. ലിബറല്‍ ചിന്താഗതിയും നിരീശ്വരവാദവും പിടികൂടിയ ഫ്രാൻസിൽ വിൻസന്റ് ലാംബർട്ടിന് ജീവിക്കാനുളള അവകാശം നിഷേധിക്കപ്പെടുകയായിരിന്നു. ലാംബർട്ടിന്റെ മരണത്തില്‍ ദുഃഖം അറിയിച്ച് ആരാധന തിരുസംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ ട്വീറ്റ് രേഖപ്പെടുത്തി. രക്തസാക്ഷി എന്നാണ് കർദ്ദിനാൾ സാറ ട്വീറ്റിൽ വിശേഷിപ്പിച്ചത്. വിൻസന്റ് ലാംബർട്ട് ഇക്കാലഘട്ടത്തിലെ മനുഷ്യരുടെ, ഭയപ്പെടുത്തുന്ന ഭ്രാന്തിന്റെ ഇരയാണെന്നും കര്‍ദ്ദിനാള്‍ കുറിച്ചു.


Related Articles »