Faith And Reason - 2025
ദൈവവചനമാണ് എന്റെ ജീവിതത്തിലെ സര്‍വ്വസ്വവും: പോപ്പ് ഗായിക ടോറി കെല്ലി
സ്വന്തം ലേഖകന്‍ 25-07-2019 - Thursday
വാഷിംഗ്‌ടണ്‍ ഡിസി: വിശുദ്ധ ഗ്രന്ഥത്തിലുള്ള തന്റെ വിശ്വാസം പരസ്യമാക്കിക്കൊണ്ട് ഗ്രാമി അവാര്‍ഡ് ജേതാവായ അമേരിക്കന്‍ പോപ്പ് ഗായിക ടോറി കെല്ലി വീണ്ടും രംഗത്ത്. ദൈവവചനം തന്നെ സംബന്ധിച്ചിടത്തോളം അനിവാര്യവും നിര്‍ണ്ണായകവുമാണെന്നും ബൈബിള്‍ തന്റെ ജീവിതമാണെന്നും ടോറി കെല്ലി തുറന്ന്‍ പറഞ്ഞു. ഏറെ ജനപ്രീതി നേടിയ ക്രിസ്ത്യന്‍ ആപ്ലിക്കേഷനായ 'യു വേര്‍ഷന്' നല്‍കിയ അഭിമുഖത്തിലാണ് ടോറി കെല്ലി ദൈവവചനത്തിന് തന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തന്റെ ദൈവവിശ്വാസം തന്നെ സംബന്ധിച്ചിടത്തോളം എല്ലാം ആണെന്നും, ദേവാലയത്തിലൂടെയാണ് താന്‍ വളര്‍ന്നു വന്നതെന്നും ടോറി കെല്ലി പറഞ്ഞു.
ദിവസവും ബൈബിള്‍ വായിക്കുവാനും പ്രാര്‍ത്ഥിക്കുവാനും താന്‍ സമയം ചിലവഴിക്കാറുണ്ടെന്നും, ബൈബിള്‍ വായനയും പ്രാര്‍ത്ഥനയും തനിക്ക് ഏറെ അനുഗ്രഹമായി മാറിയിട്ടുണ്ടെന്നും കെല്ലി വ്യക്തമാക്കി. തന്റെ ജോലിയിലും ബൈബിള്‍ വായനയും പ്രാര്‍ത്ഥനയും തന്നെ സഹായിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായല്ല കെല്ലി തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമാക്കുന്നത്. തന്നെ ഗ്രാമി അവാര്‍ഡിനു അര്‍ഹയാക്കിയ ‘ഹൈഡിംഗ് പ്ലെയ്സ്’ എന്ന ഗോസ്പല്‍ ആല്‍ബത്തിന്റെ റിലീസിംഗ് ചടങ്ങില്‍ വെച്ചും കെല്ലി തന്റെ ക്രിസ്ത്യന്‍ വിശ്വാസം പരസ്യമാക്കിയിട്ടുണ്ട്.
ക്രിസ്തുവിലുള്ള വിശ്വാസമാണ് തനിക്കെല്ലാമെന്നും, വീട്ടിലായിരിക്കുമ്പോഴും, വിവിധസ്ഥലങ്ങളില്‍ പരിപാടികള്‍ക്ക് പോകുമ്പോഴും വിശുദ്ധ ഗ്രന്ഥം വായിക്കാറുണ്ടെന്നും ജോലിസ്ഥലത്ത് വിനയവും ലാളിത്യവും കാത്തുസൂക്ഷിക്കുന്നതിന് തന്റെ വിശ്വാസം തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും റോക്ക് ചര്‍ച്ചില്‍ വെച്ച് നടന്ന അഭിമുഖത്തില്‍ കെല്ലി വെളിപ്പെടുത്തിയിരിന്നു. വിശുദ്ധ പൗലോസ് ശ്ലീഹ ഫിലിപ്പിയര്‍ക്കെഴുതിയ 3:7-8 വരെയുള്ള വചനഭാഗമാണ് തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട ബൈബിള്‍ വചനമെന്നും കെല്ലി പൊതുവേദിയില്‍ തുറന്ന്‍ പറഞ്ഞിട്ടുണ്ട്.