News - 2025

പോപ്‌ ഗായികയുടെ 'അബോര്‍ഷന്‍ കേക്കി'ന് ശക്തമായ മറുപടിയുമായി സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍ 09-06-2019 - Sunday

കാലിഫോര്‍ണിയ: അപഹാസ്യമായ 'അബോര്‍ഷന്‍ കേക്കി'ന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തുകൊണ്ട് അമേരിക്കയില്‍ പരിഹാസപാത്രമായി മാറിയിരിക്കുകയാണ് മുന്‍ ഡിസ്നി ചൈല്‍ഡ് താരവും പോപ്‌ ഗായികയുമായ മിലി സൈറസ്. ‘അബോര്‍ഷന്‍ ആരോഗ്യ പരിപാലനമാണ്’ (Abortion is Healthcare) എന്നെഴുതിയ കേക്ക് നക്കിക്കൊണ്ടിരിക്കുന്ന സ്വന്തം ചിത്രമാണ് മിലി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തത്. രൂക്ഷമായ പ്രതിഷേധം ഏറ്റുവാങ്ങി എന്നു മാത്രമല്ല കേക്കിന്റെ ഡിസൈന്‍ മോഷണ ആരോപണം കൂടി നേരിട്ടുകൊണ്ടിരിക്കുകയാണ് മിലി ഇപ്പോള്‍.ഫാഷന്‍ ഡിസൈനര്‍ മാര്‍ക്ക് ജേക്കബ്സും, പ്ലാന്‍ഡ് പാരന്റ്ഹുഡുമായി താന്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പോകുന്നതിനെ പിന്തുണക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മിലി ഇത്തരമൊരു നിന്ദ്യമായ ചിത്രം പോസ്റ്റ്‌ ചെയ്തത്.

പക്ഷേ കടുത്ത വിമര്‍ശനമാണ് ഈ ചിത്രത്തിന്റെ പേരില്‍ പിന്നീട് മിലിക്ക് നേരിടേണ്ടി വന്നത്. മിലിയുടെ പോസ്റ്റിനെതിരെ രസകരമായ പ്രോലൈഫ് മറുപടികളുമായാണ് ജീവന്റെ വക്താക്കള്‍ ഒരുമിച്ച് രംഗത്തെത്തിയത്.



'ജന്മദിനങ്ങളില്ലാതെ വരുമ്പോള്‍ നിനക്കൊരിക്കലും ജന്മദിന കേക്ക് കഴിക്കുവാന്‍ സാധിക്കുകയില്ല' എന്നാണ് കത്തോലിക്ക മാധ്യമമായ ഇഡബ്ലിയുടിഎന്നിന്റെ കാതറിന്‍ കാഡ്രോ മറുപടി കൊടുത്തിരിക്കുന്നത്. “പ്രോലൈഫ് ഈസ്‌ പ്രോവുമണ്‍” എന്നെഴുതിയിട്ടുള്ള കേക്കിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്. ഇതിനിടെ സ്റ്റുഡന്റ്സ് ഫോര്‍ ലൈഫ് ഓഫ് അമേരിക്ക എന്ന പ്രോലൈഫ് സംഘടനയും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. “അബോര്‍ഷന്‍ അക്രമമാണ്” എന്നെഴുതിയിരിക്കുന്ന കേക്കിന്റേയും, ഒരു കുട്ടിയുടേയും ചിത്രമാണ് അവര്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.



അബോര്‍ഷന്‍ ഈസ്‌ ഹെല്‍ത്ത്കെയര്‍ എന്നെഴുതിയ മിലിയുടെ കേക്കിന്റെ ചിത്രം എഡിറ്റ്‌ ചെയ്ത് 'അബോര്‍ഷന്‍ ഈസ്‌ നോട്ട് ഹെല്‍ത്ത്കെയര്‍' എന്നാക്കിയാണ് ലീജിയണറീസ് ഓഫ് ക്രൈസ്റ്റ് ആന്‍ഡ്‌ റെഗ്നം ക്രിസ്റ്റി പുരോഹിതനായ ഫാ. മാത്യു പി. ഷ്നീഡര്‍ തന്റെ പ്രതിഷേധം പ്രകടമാക്കിയത്. 'മിലി ഒരു തെറ്റ് വരുത്തി ഞാനത് തിരുത്തി' എന്നാണ് അദ്ദേഹം തന്റെ ട്വീറ്റില്‍ ചേര്‍ത്തിരിക്കുന്നത്.



പുറത്തിറങ്ങുവാനിരിക്കുന്ന റോ v. വേഡ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്ന മിന്‍ഡി റോബിന്‍സണ്‍, പ്രോലൈഫ് പ്രവര്‍ത്തകയായ ലില റോസ് എന്നിവരും മിലിയുടെ പോസ്റ്റിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ മിലി തന്റെ കേക്കിന്റെ ഡിസൈന്‍ മോഷ്ടിച്ചു എന്ന ആരോപണവുമായി ‘ദി സ്വീറ്റ് ഫെമിനിസ്റ്റ്’ എന്ന പ്രസിദ്ധമായ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനുടമയായ ബെക്കാ റിയാ ഹൊള്ളോവേയും രംഗത്തെത്തിയിട്ടുണ്ട്.




Related Articles »