Youth Zone - 2025

'കുരിശുരൂപമാണ് തന്റെ ഏറ്റവും അമൂല്യമായ നിധി': പോപ്പ് ഗായിക അലാനിസ് മോറിസെറ്റെ

സ്വന്തം ലേഖകന്‍ 13-06-2018 - Wednesday

വാഷിംഗ്ടണ്‍ ഡിസി: കുരിശുരൂപമാണ് തന്റെ ഏറ്റവും വലിയ നിധിയെന്ന് സുപ്രസിദ്ധ അമേരിക്കന്‍ കനേഡിയന്‍ പോപ്പ് ഗായിക അലാനിസ് മോറിസെറ്റെ. അടുത്തിടെ ‘ദി ഗാര്‍ഡിയന്’ നല്‍കിയ അഭിമുഖത്തിലാണ് മോറിസെറ്റെ ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിമുഖത്തിനിടയില്‍ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിധിയെന്ത് എന്ന ചോദ്യത്തിന് 'കുരിശുരൂപം’ എന്നായിരുന്നു മോറിസെറ്റെയുടെ മറുപടി. 1956-ലെ ഹംഗേറിയന്‍ വിപ്ലവത്തില്‍ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്യുമ്പോള്‍ തന്റെ അമ്മ കയ്യില്‍ കരുതിയ കുരിശുരൂപം പിന്നീട് തനിക്കു സമ്മാനിച്ചതാണെന്നും മോറിസെറ്റെ പറഞ്ഞു.

ഗായികയെന്ന നിലയില്‍ താന്‍ കത്തോലിക്കാ സഭയോട് കടപ്പെട്ടിരിക്കുന്നതായി ഇതിനു മുന്‍പ് ‘ദി സ്റ്റാര്‍’ നു നല്‍കിയ അഭിമുഖത്തില്‍ മോറിസെറ്റെ വെളിപ്പെടുത്തിയിരിന്നു. വീട്ടില്‍ പാടുമ്പോഴെല്ലാം ഒരു ഗായികയെന്ന നിലയില്‍ ഉയരുവാന്‍ തനിക്ക് സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ട് സഹോദരന്‍മാര്‍ തന്നെ കളിയാക്കിയിരുന്നു. എന്നാല്‍ ഒരു ദിവസം ദേവാലയത്തില്‍ പാടികൊണ്ടിരിക്കെ ‘നിന്റെ ശബ്ദം മനോഹരമാണെന്ന്’ ഒരു സഹോദരി പറഞ്ഞു. ആ അഭിനന്ദനമാണ് തന്റെ ജീവിതം മാറ്റിമറിച്ചത്.

സംഗീതത്തെ സ്നേഹിച്ച താന്‍ യേശുവിനേയും, പരിശുദ്ധ മാതാവിനേയും ആഴമായി സ്നേഹിക്കുവാന്‍ തുടങ്ങി. പരിശുദ്ധ കന്യകാമാതാവിനെ പോലെ ജീവിക്കുവാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. പോപ്പ് ഗായിക എന്നതിന് പുറമേ ഗാനരചയിതാവ്, അഭിനേത്രി എന്നീ നിലകളിലും പ്രസിദ്ധയാണ് മോറിസെറ്റെ. 1990-കളില്‍ പിന്നണി ഗായികയെന്ന നിലയില്‍ കാനഡയില്‍ പേരെടുത്ത മോറിസെറ്റെ പിന്നീട് അമേരിക്കയിലെ ലോസ് ആഞ്ചലസിലേക്ക് കുടിയേറുകയായിരുന്നു. 1995-ല്‍ പുറത്തിറങ്ങിയ ‘ലിറ്റില്‍ പില്‍’ എന്ന റോക്ക് ആല്‍ബമാണ് താരത്തെ അമേരിക്കയില്‍ പ്രസിദ്ധയാക്കിയത്.


Related Articles »