News - 2025
വിയറ്റ്നാമില്‍ വത്തിക്കാന്‍ സ്ഥാനപതി മന്ദിരം തുറക്കും
സ്വന്തം ലേഖകന്‍ 24-08-2019 - Saturday
വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവന്ന വിയറ്റ്നാം - വത്തിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ വിജയകരം. വത്തിക്കാനില്‍ വിയറ്റ്നാമിന്‍റെ വിദേശകാര്യങ്ങള്‍ക്കുള്ള ഉപമന്ത്രി ഹാന്‍ ദൂങ്, വത്തിക്കാന്‍റെ വിദേശ കാര്യങ്ങള്‍ക്കായുള്ള ഉപകാര്യദര്‍ശി, മോണ്‍സിഞ്ഞോര്‍ ആന്‍റണി കമലിയേരി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയത്. ഭാവിയില്‍ തലസ്ഥാനനഗരമായ ഹാനോയില്‍ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരം തുറക്കുമെന്ന് പ്രതിനിധികള്‍ സംയുക്ത പ്രസ്താവനയില്‍ കുറിച്ചു.
രാഷ്ട്രത്തിന്‍റെ നിയമ പരിധികളില്‍ നിന്നുകൊണ്ട് സഭാംഗങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യവും വിദ്യാഭ്യാസം, ആതുരശുശ്രൂഷ പോലുള്ള മറ്റു സേവനങ്ങള്‍ ചെയ്യുന്നതിനുമുള്ള അവസരങ്ങളും ലഭ്യമാണെന്നും ഇരുരാജ്യങ്ങള്‍ സംതൃപ്തി പ്രകടിപ്പിച്ചു. ചര്‍ച്ചകള്‍ക്കിടയില്‍ പ്രതിനിധി സംഘം ഫ്രാന്‍സിസ് പാപ്പയുമായും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗല്ലാഘറുമായും സ്വകാര്യ ചര്‍ച്ചകള്‍ നടത്തിയതായും വത്തിക്കാന്‍ അറിയിച്ചു.
![](/images/close.png)