News - 2024

നോക്കിലെ മരിയന്‍ ദേവാലയത്തിലെ രോഗശാന്തിക്ക് സഭയുടെ അംഗീകാരം

സ്വന്തം ലേഖകന്‍ 03-09-2019 - Tuesday

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ ചരിത്രത്തിലാദ്യമായി മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ നടന്ന അത്ഭുത രോഗശാന്തിക്ക് സഭയുടെ അംഗീകാരം. മുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയര്‍ലണ്ടിലെ പ്രസിദ്ധമായ നോക്കിലെ മരിയന്‍ ദേവാലയം സന്ദര്‍ശിച്ച മാരിയോണ്‍ കാരള്‍ എന്ന സ്ത്രീക്ക് ലഭിച്ച അത്ഭുത രോഗശാന്തി വൈദ്യശാസ്ത്രത്തിനു അതീതമാണെന്നാണ് ഐറിഷ് സഭ അംഗീകരിച്ചിരിക്കുന്നത്. ദീര്‍ഘകാലമായി രോഗിയായിരുന്ന മാരിയോണ്‍ അത്ഭുതകരമായി സുഖം പ്രാപിച്ചത് ഈ പുണ്യസ്ഥലത്ത് നടത്തിയ തീര്‍ത്ഥാടനത്തിലൂടെയാണെന്ന വസ്തുത അംഗീകരിക്കുന്നുവെന്നാണ് മാരിയോണിന്റെ അത്ഭുതരോഗശാന്തിയെ അംഗീകരിച്ചുകൊണ്ട് അര്‍ദായിലേയും, ക്ലോണ്‍മാങ്കോയിസിലേയും മെത്രാനായ ഫ്രാന്‍സിസ് ഡഫിയുടെ പ്രതികരണം.

പ്രഖ്യാപന സമയത്ത് മാരിയോണും അവിടെ ഉണ്ടായിരുന്നു. ദൈവം ഉണ്ടെന്നും ദൈവത്തിനു ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നുമാണ് ഇത് വ്യക്തമാക്കുന്നതെന്നു അയര്‍ലണ്ടിലെ വെസ്റ്റ്‌മീത്ത് കൗണ്ടിയിലെ അത്ലോണ്‍ നിവാസി കൂടിയായ മാരിയോണ്‍ കാരള്‍ പ്രതികരിച്ചു. ജീവിത ദു:ഖങ്ങള്‍ക്ക് പരിഹാരവും, രോഗശാന്തിയും തേടി അനേകര്‍ എത്തുന്ന മാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ നോക്കിലെ മരിയന്‍ ദേവാലയത്തില്‍ 1989-ലാണ് വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കിയിരുന്ന മാരിയോണ്‍ എത്തിച്ചേര്‍ന്നത്. ഒരു കണ്ണിനു പൂര്‍ണ്ണമായും മറ്റേകണ്ണിന് ഭാഗികമായും മാത്രമേ അവര്‍ക്ക് കാഴ്ച ഉണ്ടായിരുന്നുള്ളൂ. നടക്കുവാന്‍ കഴിയാത്തതിനാല്‍ സ്ട്രെച്ചറിലാണ് അവരെ ബസലിക്കയിലെ രോഗശാന്തി ശുശ്രൂഷക്കായി എത്തിച്ചത്.

ദേവാലയത്തില്‍ ആശീര്‍വ്വാദ സമയത്ത് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയില്‍ സൌഖ്യാനുഭവം ഉണ്ടാകുകയായിരിന്നു. ഉടന്‍തന്നെ സ്ട്രെച്ചറില്‍ ചാടി നിലത്തിറങ്ങിയ താന്‍ വേദനയോ ബുദ്ധിമുട്ടോ കൂടാതെ തറയിലൂടെ നടന്നുവെന്ന് മാരിയോണ്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മാരിയോണിന് ലഭിച്ച രോഗശാന്തി അവളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതായിരുന്നു. മാരിയോണിന് പുറമേ നിരവധി പേര്‍ അവളില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രോഗശാന്തി വൈദ്യശാസ്ത്രത്തിന്റെ വിശദീകരണങ്ങള്‍ക്കു അപ്പുറത്താണെന്ന് സഭ ഔദ്യോഗികമായി അംഗീകരിച്ചുവെന്നാണ് തുവാം അതിരൂപതയുടെ മെത്രാനായ മൈക്കേല്‍ നിയറി പറഞ്ഞത്.

സാധാരണഗതിയില്‍ ഇത്തരം സാഹചര്യങ്ങള്‍ വളരെ ജാഗ്രതയോടെയാണ് സഭ ഇടപെടാറുറുള്ളത്. അത്ഭുതം സംഭവിച്ച് മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ രോഗശാന്തി അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ന വസ്തുത വ്യക്തമാക്കുന്നതായും ഇക്കാലയളവില്‍ നടത്തിയ മെഡിക്കല്‍ പരിശോധനകളെല്ലാം തന്നെ ഈ രോഗശാന്തിക്ക് വൈദ്യശാസ്ത്രപരമായ വിശദീകരണമൊന്നുമില്ലെന്നാണ് പറഞ്ഞിരിക്കുന്നതെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


Related Articles »