Arts - 2024

ടാക്സില: തോമാശ്ലീഹായുടെ പാദസ്പര്‍ശമേറ്റ പാക്കിസ്ഥാനി മണ്ണ്

സ്വന്തം ലേഖകന്‍ 05-09-2019 - Thursday

ലാഹോര്‍: വിശുദ്ധ തോമാശ്ലീഹാ ഭാരതത്തിലേക്കുള്ള യാത്രാമധ്യേ കടന്നുപോയെന്ന് വിശ്വസിക്കപ്പെടുന്ന പാക്കിസ്ഥാനിലെ ഒരു സ്ഥലം ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുകയാണ്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ടാക്സിലാ എന്ന് വിളിക്കപ്പെടുന്ന സ്ഥലത്താണ് അപ്പസ്തോലിക സ്പര്‍ശനമേറ്റ നഗരം സ്ഥിതിചെയ്യുന്നത്. ചരിത്ര രേഖകളനുസരിച്ച് വിശുദ്ധ തോമാശ്ലീഹാ, ഗോൺഡോഫറസ് രാജാവിന്റെ കൊട്ടാരത്തിലേക്ക് സുവിശേഷം പ്രസംഗിക്കാനായി പോകവേ ടാക്സിലായിലൂടെയും കടന്നുപോയിട്ടുണ്ടെന്നാണ് പുരാതന രേഖകള്‍ സൂചിപ്പിക്കുന്നത്. 1822-ല്‍ കണ്ടെത്തിയ, തോമയുടെ നടപടികളെന്ന മൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട സുറിയാനി ഭാഷയിലുള്ള ഗ്രന്ഥത്തില്‍ തോമാശ്ലീഹായെ നേരിട്ടുകണ്ട രാജാവ് അദ്ദേഹത്തിന് വലിയൊരു കൊട്ടാരം പണിയാനുള്ള പണം നൽകിയെന്നും സൂചിപ്പിക്കുന്നുണ്ട്.

എന്നാൽ തോമാശ്ലീഹ പണമെല്ലാം പാവപ്പെട്ടവർക്ക് നൽകുകയായിരിന്നു. തന്റെ നിര്‍ദ്ദേശം ചെവിക്കൊള്ളാതിരിന്ന തോമാശ്ലീഹായെ ജീവനോടെ കത്തിക്കാനായി രാജാവ് ഉത്തരവിട്ടു. ഗ്രന്ഥത്തിലെ വിവരണ പ്രകാരം അതേ ദിവസങ്ങളിൽ തന്നെ രാജാവിന്റെ സഹോദരനായ ഗാഡ് മരണപ്പെട്ടു. എന്നാല്‍ പിന്നീട് അദ്ദേഹം അത്ഭുതകരമായി ജീവനിലേക്ക് തിരികെ വരുകയും ചെയ്തു. താൻ നിത്യതയിലെത്തിയപ്പോള്‍ രാജാവിനുവേണ്ടി തോമാശ്ലീഹാ സ്വർഗത്തിൽ ഒരു കൊട്ടാരം നിർമ്മിച്ചിരിക്കുന്നത് കണ്ടതായി ഗാഡ് വെളിപ്പെടുത്തി. ഇതു കേട്ട് ഗോൺഡോഫറസ് രാജാവ് തോമാശ്ലീഹായെ വെറുതെ വിടുകയും, രാജ്യത്തെ ജനങ്ങളോടൊപ്പം ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും ചെയ്തുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്.

1975ലെ പുരാവസ്തു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാൻ സർക്കാർ സിർക്കാപ് എന്ന ഈ സ്ഥലവും അവിടെ സ്ഥിതി ചെയ്യുന്ന പുരാവസ്തു കേന്ദ്രവും സംരക്ഷിക്കുന്നത്. യുനെസ്കോയുടെ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുള്ളതാണ് സിർക്കാപ്. ജൂലൈ മൂന്നിന് വിശുദ്ധന്റെ തിരുനാളിൽ പങ്കെടുക്കാനായി ആയിരങ്ങളാണ് ഇവിടെയ്ക്ക് എല്ലാവർഷവും എത്തുന്നത്. ക്രൈസ്തവർക്ക് വളരെ പ്രാധാന്യമുള്ള സിർക്കാപ് പുരാവസ്തു കേന്ദ്രം നവീകരിക്കണമെന്ന് അടുത്തിടെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ദേശീയ മെത്രാൻ സമിതിയുടെ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവ നേതാക്കളും, മുസ്ലിം - ക്രൈസ്തവ വിശ്വാസികളും, വിദേശ സഞ്ചാരികളും, ചരിത്ര വിദ്യാർത്ഥികളുമടക്കം നിരവധിയാളുകൾ ഓരോ ദിവസവും ഇവിടെ സന്ദർശിക്കാന്‍ എത്താറുണ്ടെന്നതും ശ്രദ്ധേയമാണ്.


Related Articles »