News - 2024

ആമസോണ്‍ സിനഡിന്റെ പ്രവര്‍ത്തന രേഖയില്‍ ആശങ്കയുമായി കര്‍ദ്ദിനാളുമാര്‍

സ്വന്തം ലേഖകന്‍ 05-09-2019 - Thursday

വത്തിക്കാന്‍ സിറ്റി: ഒക്ടോബര്‍ മാസം നടക്കുവാനിരിക്കുന്ന ആമസോണ്‍ മേഖലയിലെ മെത്രാന്മാരുടെ സിനഡിന്റെ പ്രവര്‍ത്തന രേഖയില്‍ (ഇന്‍സ്ട്രുമെന്റം ലബോറിസ്) സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ കത്തോലിക്കാ സഭയുടെ ആധികാരിക പ്രബോധനങ്ങള്‍ക്ക് നിരക്കുന്നതല്ലായെന്ന ആശങ്കയുമായി കര്‍ദ്ദിനാള്‍മാരായ വാള്‍ട്ടര്‍ ബ്രാന്‍ഡ്മുള്ളറും കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെയും. കത്തോലിക്കാ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പുതിയ അജപാലന മേഖലയുടെ സൃഷ്ടി, വിവാഹിതരായ പുരുഷന്‍മാര്‍ക്ക് തിരുപ്പട്ടം നല്‍കല്‍ (വിരി പ്രൊബാറ്റി) തുടങ്ങി സിനഡിന്റെ പ്രവര്‍ത്തന രേഖയില്‍ സൂചിപ്പിച്ചിരിക്കുന്ന ചില കാര്യങ്ങള്‍ പരമ്പരാഗത കത്തോലിക്കാ പ്രബോധനങ്ങള്‍ക്ക് ചേരുന്നതല്ലെന്നു ഓഗസ്റ്റ് 28ന് കര്‍ദ്ദിനാള്‍ ബ്രാന്‍ഡ്മുള്ളര്‍ സഹ കര്‍ദ്ദിനാളുമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

പാന്‍ ആമസോണ്‍ സിനഡിന്റെ നേതാക്കള്‍ തന്നെ ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള ആശങ്ക താനുമായി പങ്കുവെച്ച കാര്യവും സഭാ ചരിത്ര പണ്ഡിതനും, സമകാലീന സഭാ ചരിത്രത്തിന്റെ അന്താരാഷ്ട്ര കമ്മീഷന്‍ പ്രസിഡന്റായി സേവനവും ചെയ്തിട്ടുമുള്ള കര്‍ദ്ദിനാള്‍ ബ്രാന്‍ഡ്മുള്ളര്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹിതരെ പൗരോഹിത്യത്തിലേക്ക് പരിഗണിക്കുന്നതിനോട് അനുകൂല നിലപാടുവെച്ച് പുലര്‍ത്തുന്ന കര്‍ദ്ദിനാള്‍ ക്ളോഡിയോ ഹമ്മസ് സിനഡിന്റെ അദ്ധ്യക്ഷനായിരിക്കുന്നത് സിനഡില്‍ മോശം സ്വാധീനം ചെലുത്തുമോ എന്ന ആശങ്കയും കര്‍ദ്ദിനാള്‍ പ്രകടിപ്പിക്കുന്നുണ്ട്. വിശ്വാസത്തിനും, സഭയുടെ ആരാധനാപരവും ശ്രേണിപരവുമായ ഘടനക്കും, അപ്പസ്തോലിക പാരമ്പര്യത്തിനും നേര്‍ക്ക് ഉയരുന്ന വെല്ലുവിളികളെ നേരിടണമെന്ന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ ബ്രാന്‍ഡ്മുള്ളര്‍ തന്റെ കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

ഓഗസ്റ്റ്‌ 28-ന് തന്നെയാണ് വത്തിക്കാന്‍ പരമോന്നത നീതിപീഠത്തിന്റെ മുന്‍ തലവനും, മാള്‍ട്ട മിലിറ്ററി ഓര്‍ഡര്‍ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെയും കര്‍ദ്ദിനാള്‍മാരുടെ സംഘത്തിന് കത്തയച്ചിരിക്കുന്നത്. സിനഡിന്റെ പ്രവര്‍ത്തനരേഖയില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍, സഭ പ്രബോധനങ്ങള്‍ക്കെതിരാണെന്നാണ് കര്‍ദ്ദിനാള്‍ ബുര്‍ക്കെയുടെ കത്തില്‍ പറയുന്നു. ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, ഫ്രഞ്ച് ഗയാന, ഗയാന, പെറു, വെനിസ്വേല, സുരിനാം എന്നിവ ഉൾപ്പെടുന്ന ലാറ്റിന്‍ അമേരിക്കയിലെ ബിഷപ്പുമാര്‍ പങ്കെടുക്കുന്ന സിനഡ് ഒക്ടോബര്‍ 6 മുതല്‍ 27 വരെയാണ് നടക്കുക.


Related Articles »