Youth Zone

ആമസോണില്‍ ചരിത്രം സൃഷ്ടിച്ച "ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി" അജ്ന ജോർജ്ജിന്റെ ജീവിതകഥ ഒരു മാസത്തിനിടെ സ്വന്തമാക്കിയത് പതിനായിരത്തോളം പേര്‍: മൂന്നാമത്തെ എഡിഷന്‍ പണിപ്പുരയില്‍

പ്രവാചകശബ്ദം 18-04-2022 - Monday

കാന്‍സര്‍ രോഗം ശരീരത്തെ കാര്‍ന്ന് തിന്നപ്പോഴും അടിയുറച്ച ദിവ്യകാരുണ്യ ഭക്തിയിലൂടെ സഹനത്തെ കൃപയാക്കി മാറ്റി ഒടുവില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട അജ്ന ജോര്‍ജ്ജിന്റെ ജീവിതകഥ സ്വന്തമാക്കിയത് പതിനായിരത്തോളം പേര്‍. അജ്നയുടെ അധ്യാപകനും ആത്മീയ പിതാവുമായിരുന്ന ഫാ. സാബു കുമ്പുക്കൽ, ഉറ്റ സുഹൃത്തും ജീസസ് യൂത്ത് സഹയാത്രികനുമായിരുന്ന ജിത്ത് ജോർജ്ജ് എന്നിവർ ചേർന്നെഴുതിയ "ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി" എന്ന പുസ്തകമാണ് ആയിരങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 20നു വിതരണം ആരംഭിച്ച പുസ്തകം ഒരു മാസം തികയും മുന്‍പേ പതിനായിരത്തോളം കോപ്പികളാണ് വിറ്റുപോയിരിക്കുന്നത്.

പുസ്തകം ഇ കൊമേഴ്സ് പോര്‍ട്ടലായ ആമസോണിലും ഹിറ്റാണ്. ആമസോണ്‍ പുസ്തക വില്‍പ്പനയില്‍ ക്രിസ്റ്റ്യാനിറ്റി വിഭാഗത്തില്‍ ബെസ്റ്റ് സെല്ലറായി "ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി" മാറിയിരുന്നു. മലയാളത്തിൽ ക്രിസ്തീയ ഉള്ളടക്കമുള്ള ഒരു പുസ്തകം ഇതാദ്യമായാണ് ബെസ്റ്റ് സെല്ലര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. 159 പേജുള്ള പുസ്തകത്തില്‍ അജ്നയുടെ ജീവിതം നിരവധി ചിത്രങ്ങള്‍ സഹിതം അതിമനോഹരമായ വിധത്തിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ഇരുപത്തിയേഴ് വര്‍ഷം മാത്രമുള്ള അജ്നയുടെ ജീവിതം എങ്ങനെ ക്രിസ്തുവിന്‍റേതു മാത്രമാക്കി മാറ്റിയെന്ന് ഓരോ വരിയിലും വ്യക്തമാക്കുന്ന വിധത്തിലാണ് ഇതിലെ വിവരണവും. പുസ്തകത്തിനുള്ളില്‍ കൊടുത്തിരിക്കുന്ന ക്യൂ‌ആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതിലൂടെ അജ്നയുമായി ബന്ധപ്പെട്ട ഓരോ വീഡിയോകളും കാണാൻ അവസരമുണ്ടെന്നതും പുസ്തകത്തെ വേറിട്ടതാക്കുന്നു. അയ്യായിരം കോപ്പികള്‍ വീതം രണ്ടു എഡിഷനുകളിലായി പതിനായിരത്തോളം പുസ്തകമാണ് പുറത്തിറക്കിയത്. എന്നാല്‍ ഇതെല്ലാം അതിവേഗം വിറ്റുപോകുകയായിരിന്നു.

കെയ്റോസ് പബ്ലിക്കേഷന്‍ പുറത്തിറക്കിയ പുസ്തകത്തിന്റെ മൂന്നാമത്തെ എഡിഷന്‍ പ്രിന്‍റിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. "ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി" അനേകരിലേക്ക് എത്തുന്നുണ്ടെന്ന് അറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് പുസ്തകത്തിന്റെ രചയിതാക്കളില്‍ ഒരാളായ ഫാ.ജോസഫ് കുമ്പുക്കൽ 'പ്രവാചകശബ്ദ'ത്തോട് പറഞ്ഞു.

"ഓരോ കാലഘട്ടത്തിനും അനുയോജ്യരായ ചില വ്യക്തികളെ ദൈവം എല്ലാവർക്കും മാതൃകയും പ്രചോദനവുമായി ഉയർത്തി നിർത്തുന്നതായാണ് സഭയുടെ ചരിത്രത്തിൽ നിന്ന് വ്യക്തമാകുന്നത്. അത്തരത്തിൽ ചിന്തിക്കുമ്പോൾ ഏതാണ്ട് രണ്ടു വർഷത്തോളം കോവിഡ് നിമിത്തം ദേവാലയത്തിൽ നിന്നും ദിവ്യകാരുണ്യത്തിൽ നിന്നും അകന്നു നിൽക്കേണ്ടി വന്നതു മൂലം ഉണ്ടായിരിക്കുന്ന ആത്മീയ മന്ദത മാറ്റിയെടുക്കാൻ, പ്രത്യേകിച്ച് യുവജനങ്ങൾക്കും കുട്ടികൾക്കും ഒരു മാതൃക ആവശ്യമാണെന്ന് നല്ല ദൈവം തീരുമാനിച്ചിട്ടുണ്ടാവണം. ദിവ്യകാരുണ്യത്തിന്റെ വാനമ്പാടിക്ക് കിട്ടിയ വലിയ സ്വീകാര്യതയ്ക്ക് കാരണമിതാണെന്നാണ് എനിക്കു തോന്നുന്നത്". പുസ്തകം വായിച്ച പലർക്കും സൗഖ്യാനുഭവങ്ങളും മാനസാന്തരങ്ങളും ഉണ്ടായതായി കേൾക്കാനിടയായത് ഏറെ സന്തോഷകരമാണെന്നും ഫാ.ജോസഫ് കുമ്പുക്കൽ കൂട്ടിച്ചേര്‍ത്തു. ആമസോണിലെ ക്രിസ്ത്യന്‍ ഹോട്ട് ന്യൂ റിലീസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നതും "ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി" ആണെന്നതും ശ്രദ്ധേയമാണ്.

ബിരുദാനന്തര ബിരുദം മികച്ച മാർക്കോടെ പാസായ അജ്ന, രാജഗിരി കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ഉദ്യോഗം ലഭിച്ച നാളുകളിലാണ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. അർബുദം കണ്ണും, കാതും, കരളും, വായും, താടിയെല്ലും കാർന്നെടുത്തപ്പോഴും ദിവ്യകാരുണ്യ നാഥനെ മഹത്വപ്പെടുത്തി അടിയുറച്ച ക്രിസ്തു വിശ്വാസവുമായി അവള്‍ മുന്നോട്ട് പോകുകയായിരിന്നു. അസഹനീയമായ വേദനകളുടെ നടുവിലും കണ്ണിന്റെ കാഴ്ചയും കാതിന്റെ കേൾവിയും മുഖകാന്തിയും കാൻസർ കാര്‍ന്ന് വിഴുങ്ങിയപ്പോഴും സംസാരശേഷി നഷ്ടപ്പെട്ടപ്പോഴും അവളിലെ പുഞ്ചിരി മാഞ്ഞിരുന്നില്ല. ഇക്കഴിഞ്ഞ ജനുവരി 21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൃത്യം മൂന്നുമണിക്കാണ് രോഗിലേപനവും ദിവ്യകാരുണ്യ ഈശോയെയും സ്വീകരിച്ച് അജ്ന നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.

അജ്നയുടെ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പുസ്തകം ഓണ്‍ലൈനായി വാങ്ങുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »