News - 2024

ആശുപത്രികള്‍ക്ക് പുറമേ കത്തോലിക്ക സ്കൂളുകളും പിടിച്ചെടുത്ത് എറിത്രിയന്‍ സര്‍ക്കാര്‍

സ്വന്തം ലേഖകന്‍ 10-09-2019 - Tuesday

അസ്മാര: ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയിലെ സ്വേച്ഛാധിപത്യ സര്‍ക്കാരിന്റെ മതന്യൂനപക്ഷങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ പിടിച്ചെടുക്കല്‍ തുടരുന്നു. കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികള്‍ പിടിച്ചെടുത്തതിന് പിന്നാലെ സഭയുടെ കീഴിലുള്ള സ്കൂളുകളും പിടിച്ചെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. മതന്യൂനപക്ഷങ്ങളുടെ കീഴിലുള്ള ഏഴോളം സ്കൂളുകള്‍ ഇതിനോടകം തന്നെ സര്‍ക്കാര്‍ പിടിച്ചെടുത്തതായി ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എഴുപതുവര്‍ഷത്തില്‍ പരം പഴക്കമുള്ള സ്കൂളുകളും ഇതില്‍ ഉള്‍പ്പെടുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളെ ദോഷകരമായി ബാധിക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കത്തോലിക്കാ സഭ രംഗത്തെത്തിയിട്ടുണ്ട്.

സ്കൂളുകള്‍ കൈമാറണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച കത്തോലിക്കാ സഭ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സഭകള്‍ക്കും, മുസ്ലീം സംഘടനകള്‍ക്കും നല്‍കി കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആയിരകണക്കിന് രോഗികളെ പുറത്താക്കികൊണ്ട് സഭയുടെ കീഴിലുള്ള നിരവധി ആശുപത്രികളാണ് സര്‍ക്കാര്‍ പിടിച്ചെടുത്തത്. ഭരണഘടനയുണ്ടെങ്കിലും തിരഞ്ഞെടുപ്പ് നടത്താത്ത എറിത്രിയയില്‍ രാഷ്ട്രീയ നവോത്ഥാനം വേണമെന്ന കത്തോലിക്കാ സഭയുടെ ആവശ്യത്തോടുള്ള പ്രതികാരമായിട്ടാണ് ഈ നടപടികളെ പൊതുവേ വിലയിരുത്തപ്പെടുന്നത്. തങ്ങള്‍ നടത്തുന്ന സാമൂഹ്യ സേവനങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധമല്ലെന്നു സഭ വ്യക്തമാക്കിയിട്ടുണ്ട്.

1995-ല്‍ പാസാക്കിയ (റെഗുലേഷന്‍ 73/1995) നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍. മതസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുവാനുള്ള ഉദ്ദേശത്തോടെയാണ് നിയമം പാസാക്കിയിരിക്കുന്നത്. വിദേശങ്ങളില്‍ നിന്ന് സംഭാവനകള്‍ ചോദിക്കുന്നതില്‍ നിന്നും, വിദേശ സംഭാവനകള്‍ ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്നും മതസ്ഥാപനങ്ങളെ നിയമം വിലക്കുന്നുണ്ട്. തങ്ങളുടെ വികസനപരമായ സേവനങ്ങള്‍ക്കുള്ള പണം സ്ഥാപനങ്ങള്‍ പ്രാദേശികമായി കണ്ടെത്തണമെന്നാണ് നടപടികളെ ന്യായീകരിച്ചു കൊണ്ട് ഇക്കഴിഞ്ഞ ജൂണ്‍ 27-ന് സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

പ്രസിഡന്റ് ഇസയ്യാ അഫ്വെര്‍ക്കിയുടെ നേതൃത്വത്തിലുള്ള എറിത്രിയന്‍ സര്‍ക്കാരിന്റെ ഏകാധിപത്യപരമായ നടപടികള്‍ ആഗോള തലത്തില്‍ തന്നെ വിമര്‍ശിക്കപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. എറിത്രിയയില്‍ ഒരു അധികാരമാറ്റം അനിവാര്യമാണെന്ന ആവശ്യം ഇതിനോടകം തന്നെ പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.


Related Articles »