News - 2025
ഇറാഖില്‍ വീണ്ടും അക്ഷര വസന്തം: തീവ്രവാദികള്‍ നശിപ്പിച്ച ക്രിസ്ത്യന്‍ ലൈബ്രറി വീണ്ടും തുറന്നു
സ്വന്തം ലേഖകന്‍ 15-09-2019 - Sunday
ക്വാരഖോഷ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയ ഇറാഖിലെ ക്വാരഖോഷ് പട്ടണത്തിലെ ക്രിസ്ത്യന്‍ ലൈബ്രറി വീണ്ടും തുറന്നു. മതബോധനം ഉള്‍പ്പെടെയുള്ള സഭാസംബന്ധിയായ പ്രവര്‍ത്തനങ്ങളുടേയും സെമിനാറുകളുടേയും, കലാപ്രദര്‍ശനങ്ങളുടേയും, സ്ഥിരം വേദിയായ ക്രിസ്ത്യന്‍ സാമൂഹ്യ-സാംസ്കാരിക കേന്ദ്രത്തിന്റെ ഭാഗമായിരുന്ന ഫാ. ലൂയിസ് കസബ് ലൈബ്രറിയാണ് രണ്ടുമാസം നീണ്ട അറ്റകുറ്റപ്പണികള്‍ക്ക് ശേഷം വീണ്ടും തുറന്നിരിക്കുന്നത്. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ പ്രാദേശിക സാമ്പത്തിക സഹായത്തോടെ ക്വാരഖോഷിലെ കത്തോലിക്ക വൈദികനായ ഫാ. ഡുറൈഡിന്റെ മേല്‍നോട്ടത്തിലായിരുന്നു അറ്റകുറ്റപ്പണികള്‍ നടത്തിയത്.
വേദനകളിലും സഹനങ്ങളിലും ക്വാരഖോഷ് ജനതയുടെ ഹൃദയം കവര്‍ന്ന ഫാ. ലൂയീസ് കസബിന്റെ ആദരാണാര്‍ത്ഥമാണ് ഈ ലൈബ്രറിക്ക് അദ്ദേഹത്തിന്റെ നാമം നല്‍കിയിരുന്നത്. പഴയ കയ്യെഴുത്തുപ്രതികള്‍, മതം, ശാസ്ത്രം, ഭാവന, രാഷ്ട്രീയം, ബാല സാഹിത്യം, അറബിക്, ഫ്രഞ്ച്, ജെര്‍മ്മന്‍ എന്നീ വിഭാഗങ്ങളിലായി ഏതാണ്ട് 650 ഗ്രന്ഥങ്ങളാണ് ഈ ലൈബ്രറിയില്‍ ഉള്ളത്. നേരത്തെ അക്ഷര വൈരികളായ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശത്തെ തുടര്‍ന്നു കനത്ത നാശനഷ്ട്ടമാണ് ഇവിടെ ഉണ്ടായത്. തീവ്രവാദികള്‍ ദേവാലയങ്ങള്‍ക്കൊപ്പം ലൈബ്രറികളും അഗ്നിക്കിരയാക്കി. ഉപരോധം കടുത്തതോടെ നിരവധി ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഇവിടെ നിന്നും പലായനം ചെയ്തു.
അധിനിവേശം അവസാനിച്ചതോടെ തിരികെയെത്തിയ ക്രൈസ്തവര്‍ക്ക് തങ്ങളുടെ വായനശാലയില്‍ അഗ്നിക്കിരയായ പുസ്തകങ്ങളാണ് കാണുവാന്‍ കഴിഞ്ഞത്. ചിലത് മോഷ്ടിക്കപ്പെടുകയും ചെയ്തിരിന്നു. പ്രാദേശിക ദേവാലയത്തിലെ യുവജന സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ സ്ഥലം വൃത്തിയാക്കി ബാക്കിവന്ന പുസ്തകങ്ങള്‍ സൂക്ഷിക്കുകയായിരുന്നു. ചാരകൂമ്പാരത്തില്‍ നിന്നും ഒരു സാംസ്കാരിക കേന്ദ്രമായി ഉയര്‍ന്നു വന്നിരിക്കുന്നതാണ് ഈ ലൈബ്രറിയെന്ന്‍ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ ഫാ. ഡുറൈഡ് പറഞ്ഞു. ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുവാനും, പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുവാനും, ഓണ്‍ലൈനിലൂടെ പി.ഡി.എഫ് രൂപത്തിലുള്ള പുസ്തങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയവാണ് അടുത്ത ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.