News - 2025
മതനിന്ദ നിയമത്തിനെതിരെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തിനു മുന്നില്‍ പാക്ക് ക്രൈസ്തവര്‍
സ്വന്തം ലേഖകന്‍ 23-09-2019 - Monday
ജനീവ: കുപ്രസിദ്ധമായ മതനിന്ദ നിയമത്തിനെതിരെ സ്വരമുയര്‍ത്തി സ്വിറ്റ്സര്‍ലന്‍ഡിന്റെ തലസ്ഥാനമായ ജനീവയിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തിനു മുന്നില്‍ പാക്കിസ്ഥാനി ക്രൈസ്തവര്‍ സംഘടിച്ചു. ആഗോള തലത്തില്‍ തന്നെ പാക്കിസ്ഥാന്റെ പ്രതിച്ഛായ മോശമാക്കിയ കുപ്രസിദ്ധമായ മതനിന്ദാ നിയമത്തിനും, മത ന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയമാക്കുന്നതിനു എതിരേയും ഉയരുന്ന ശബ്ദമെന്ന നിലയിലാണ് സ്ത്രീകളും കുട്ടികളും ഒന്നടങ്കം സംഘടിച്ചു മാര്‍ച്ച് നടത്തിയത്. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭാ ഹൈകമ്മീഷന്റെ ആസ്ഥാന കേന്ദ്രമായ പാലായി വില്‍സണില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ജനീവയിലെ ഐക്യരാഷ്ട്രസഭാ കേന്ദ്രത്തിനു മുന്നിലാണ് അവസാനിച്ചത്.
മുന്‍ കനേഡിയന്‍ പാര്‍ലമെന്റംഗമായ മാരിയോ സില്‍വായുടേയും, യൂറോപ്യന്‍ പാര്‍ലമെന്റംഗമായ ഹെര്‍വേ ജുവിന്റേയും, മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും പങ്കാളിത്തമായിരുന്നു മാര്‍ച്ചിനെ ശ്രദ്ധേയമാക്കിയ മറ്റൊരു ഘടകം. “പാക്കിസ്ഥാനി ക്രൈസ്തവര്‍ക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുക”, “മതനിന്ദാ നിയമം റദ്ദാക്കൂ” എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകളും വഹിച്ചായിരിന്നു മാര്‍ച്ച്. പതിറ്റാണ്ടുകളായി രാജ്യത്തെ ക്രിസ്ത്യാനികള്‍ സുരക്ഷിതരല്ലെന്നും, പാക്കിസ്ഥാന്‍ പീനല്‍ കോഡ് സെക്ഷന്‍ 295-C യുടെ ഭേദഗതിയിലൂടെ ശക്തമായ മതനിന്ദാ നിയമം ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും മാരിയോ സില്‍വാ പറഞ്ഞു.
ഭേദഗതിക്ക് മുന്‍പ് വെറും പതിനാലു പേര്‍ മാത്രം ശിക്ഷിക്കപ്പെട്ടപ്പോള്‍ ഇപ്പോള്‍ ആയിരകണക്കിന് പേരാണ് മതനിന്ദയുടെ പേരില്‍ ജയിലില്‍ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനിലെ ജനസംഖ്യയുടെ 15 ശതമാനമുണ്ടായിരുന്ന ക്രിസ്ത്യന്‍, ഹിന്ദു, അഹമ്മദീയ വിഭാഗക്കാരായ മതന്യൂനപക്ഷങ്ങളുടെ എണ്ണം വെറും മൂന്നു ശതമാനമായി ചുരുങ്ങിയത് പാകിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവേചനത്തിനു ഉദാഹരണമാണെന്നാണ് പാര്‍ലമെന്റംഗമായ ഹെര്‍വേ ജുവിന്റെ പ്രസ്താവന. വിദ്യാഭ്യാസമില്ലായ്മയാണ് പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ നേരിടുന്ന മറ്റൊരു പ്രശ്നമെന്ന്‍ മാര്‍ച്ചില്‍ പങ്കെടുത്ത ചിലര്‍ ചൂണ്ടിക്കാട്ടി.
![](/images/close.png)