Life In Christ - 2025

നാസി തടങ്കല്‍പ്പാളയത്തിലെ രഹസ്യ സുവിശേഷകന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍

സ്വന്തം ലേഖകന്‍ 23-09-2019 - Monday

ലിംബര്‍ഗ്: പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ജര്‍മ്മനിയിലെ നാസി തടങ്കല്‍പ്പാളയത്തില്‍ ക്രിസ്തുവിന് വേണ്ടി സാക്ഷ്യം വഹിച്ചുകൊണ്ട് ധീരതയോടെ മരണം വരിച്ച ഡച്ചാവു തടങ്കല്‍പ്പാളയത്തിലെ രഹസ്യ സുവിശേഷകന്‍ ഫാ. റിച്ചാര്‍ഡ് ഹെന്‍കെസ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍. വിശുദ്ധ ഗീവര്‍ഗീസിന്റെ നാമധേയത്തിലുള്ള ലിംബര്‍ഗ് കത്തീഡ്രലില്‍ വെച്ച് നടന്ന വിശുദ്ധ കുര്‍ബാനക്കിടയില്‍ ക്രിസ്തീയ ഐക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റായ കര്‍ദ്ദിനാള്‍ കുര്‍ട്ട് കോച്ചാണ് ഫാ. ഹെന്‍കെസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തിയത്. വിശുദ്ധ വിന്‍സെന്റ് പള്ളോട്ടൈന്‍ സ്ഥാപിച്ച പള്ളോട്ടൈന്‍ സഭാംഗമായ ഫാ. ഹെന്‍കെസ് ഡച്ചാവുവിലെ തടങ്കല്‍പ്പാളയത്തിലെ പതിനേഴാം നമ്പര്‍ ബ്ലോക്കില്‍വെച്ച് ടൈഫസ് ബാധിച്ച സഹതടവുകാരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് മരിക്കുന്നത്.

ആയിരത്തോളം പേര്‍ പങ്കെടുത്ത വാഴ്ത്തപ്പെട്ട പ്രഖ്യാപന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും പോളണ്ടില്‍ നിന്നുമുള്ള പ്രതിനിധികളും എത്തിയിരിന്നു. തന്റെ പ്രഭാഷണങ്ങളിലൂടെ നാസികളെ വിമര്‍ശിച്ചതിനും പരസ്യമായി സുവിശേഷം പ്രചരിപ്പിച്ചതിനാലാണ് ഫാ. ഹെന്‍കെസ് തടവിലാകുന്നത്. അധ്യാപകന്‍, ആത്മീയ ആചാര്യന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അനേകര്‍ക്ക് ക്രിസ്തുവിനെ നല്‍കിയ അദ്ദേഹം നാസികളെ എതിര്‍ത്തതിന്റെ പേരില്‍ അറസ്റ്റിലാകുകയും ഡച്ചാവുവിലെ തടങ്കല്‍പ്പാളയത്തില്‍ തുറങ്കിലാകുകയുമായിരിന്നു. തന്റെ ബ്ലോക്കിലെ തടവുപുള്ളികള്‍ക്ക് വേണ്ടിയുള്ള കാന്റീന്‍ ജോലികള്‍ ഇദ്ദേഹമായിരുന്നു ചെയ്തിരുന്നത്. രോഗികളെ ശുശ്രൂഷിക്കവേ രോഗബാധിതനായാണ് ഇദ്ദേഹം മരണപ്പെടുന്നത്.

വാഴത്ത്പ്പെട്ട ഹെന്‍കെസിന്റെ മൃതദേഹം പിന്നീട് നാസികള്‍ കത്തിച്ചുവെങ്കിലും, അദ്ദേഹത്തെ കത്തിച്ച ചാരം ചിലര്‍ രഹസ്യമായി സൂക്ഷിച്ചു യഥാവിധി അടക്കം ചെയ്യുകയായിരുന്നു. വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ വെച്ച് നടന്ന ത്രികാല ജപ പ്രാര്‍ത്ഥനക്കിടയില്‍ ഫ്രാന്‍സിസ് പാപ്പ ഈ വൈദികനെയും ജീവിത കാലം മുഴുവന്‍ രോഗത്താല്‍ കഷ്ടപ്പെട്ട്, വിശ്വാസത്തിനും, സ്നേഹത്തിനും സാക്ഷ്യം വഹിച്ചുകൊണ്ട് തന്റെ ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ മരണമടഞ്ഞ ബെന്‍ഡേറ്റ ബിയാഞ്ചി പോറോയെയും പ്രത്യേകം സ്മരിച്ചിരിന്നു.


Related Articles »