Youth Zone

അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ നാളെ സ്കൂളിലെത്തുക ബൈബിളുമായി

സ്വന്തം ലേഖകന്‍ 02-10-2019 - Wednesday

വാഷിംഗ്ടണ്‍ ഡി‌സി: മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി അമേരിക്കയിലെ വിദ്യാര്‍ത്ഥികള്‍ നാളെ സ്കൂളില്‍ ബൈബിളുമായി എത്തും. “ബ്രിംഗ് യുവര്‍ ബൈബിള്‍ ടു സ്കൂള്‍ ഡേ” ഭാഗമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ മൂന്നിന് തങ്ങളുടെ ബാഗുകളില്‍ ബൈബിളും കരുതുന്നത്. പൊതു വിദ്യാലയങ്ങളില്‍ നിന്നും ബൈബിള്‍ ഒഴിവാക്കുവാനുള്ള തീരുമാനത്തോടുള്ള പ്രതികരണമായി 2014-ല്‍ ക്രിസ്ത്യന്‍ സംഘടനയായ ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ ആരംഭിച്ച “ബ്രിംഗ് യുവര്‍ ബൈബിള്‍ ടു സ്കൂള്‍ ഡേ” രാജ്യ വ്യാപകമായ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരിപാടിയായി മാറികഴിഞ്ഞിരിക്കുകയാണ്. ഈ വര്‍ഷം മുതല്‍ ‘ബ്രിംഗ് യുവര്‍ ബൈബിള്‍ ടു സ്കൂള്‍ ഡേ’ക്കൊപ്പം “ലിവ് യുവര്‍ ഫെയ്ത്ത്” എന്ന പരിപാടിക്കും ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ പദ്ധതി തയാറാക്കിയിട്ടിട്ടുണ്ട്.

രാജ്യ വ്യാപക പരിപാടിയില്‍ പങ്കെടുക്കുവാനുള്ള രജിസ്ട്രേഷന്‍ നേരത്തെ തന്നെ ആരംഭിച്ചിരിന്നു. പരിപാടിയില്‍ എങ്ങനെ പങ്കെടുക്കാം, നിയമപരമായ അവകാശങ്ങള്‍ എന്നീ വിവരങ്ങള്‍ക്ക് പുറമേ വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്ററുകളും, സ്റ്റിക്കറുകളും, ടി-ഷര്‍ട്ട് ഡിസൈനുകളും സംഘടനയുടെ വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിനുപുറമേ പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളില്‍ നാലു പേര്‍ക്ക് വാഷിംഗ്‌ടണ്‍ ഡി.സി. യിലെ ബൈബിള്‍ മ്യൂസിയം സന്ദര്‍ശിക്കുവാനുള്ള അവസരവും സംഘാടകര്‍ നല്‍കുന്നുണ്ട്.

നാളത്തെ ദിനാചരണത്തിന് ശേഷമുള്ള ആഴ്ചകളില്‍ വിശ്വാസം പ്രായോഗികമാക്കുവാനും, മുന്നോട്ട് കൊണ്ടുപോകുവാനുള്ള രസകരമായ മത്സരങ്ങളും, ഓണ്‍ലൈന്‍ സമൂഹവുമായുള്ള ചര്‍ച്ചകള്‍ക്കും, വിശ്വാസ അനുഭവങ്ങളുടെ പങ്കുവെക്കലിനും അവസരമുണ്ടെന്നും സംഘടനയുടെ വെബ്സൈറ്റില്‍ സൂചിപ്പിക്കുന്നു. ഇതിനുപുറമേ #BringYourBibleToSchoolDay എന്ന ഹാഷ്ടാഗിന് കീഴില്‍ സംവാദ കൂട്ടായ്മകള്‍ രൂപീകരിക്കുവാനും, ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴിയും വിദ്യാര്‍ത്ഥികള്‍ക്ക് മറ്റുള്ള പങ്കാളികളുമായി സംവദിക്കാവുന്നതാണെന്നും സംഘാടകര്‍ വ്യക്തമാക്കി. ദൈവത്തിലും, ദൈവ വചനത്തിലുമുള്ള വിശ്വാസവും, യേശുവിനോടുള്ള സ്നേഹവും പരസ്യമായി പ്രകടിപ്പിക്കുന്നതിനുള്ള അവസരമായാണ് “ബ്രിംഗ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍ ഡേ” യിലൂടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നോക്കിക്കാണുന്നത്.

More Archives >>

Page 1 of 6